ഹരാരെ: ട്വന്റി 20 ലോകകപ്പിനുശേഷം നടക്കുന്ന സിംബാബ്വെ പര്യടനത്തിലെ ആദ്യ മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ യുവനിര. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ യുവനിരയെ തെരഞ്ഞെടുത്തപ്പോള്‍ ടീമിലിടം കിട്ടിയ താരമാണ് ധ്രുവ് ജുറെല്‍. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങുകയും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഫിനിഷറായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തതാണ് ജുറെലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലില്‍ ഒരു ഘട്ടത്തില്‍ താന്‍ ദക്ഷിണാഫ്രിക്ക് ഒപ്പമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ധ്രുവ് ജുറെല്‍. ഫൈനലില്‍ ഇന്ത്യയെ ആണ് ആദ്യം പിന്തുണച്ചതെന്നും എന്നാല്‍ ഇന്ത്യ തോല്‍ക്കുമെന്നായപ്പോള്‍ ദക്ഷിണാഫ്രിക്കയെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജുറെല്‍ പറഞ്ഞു. എന്തായാലും താന്‍ പിന്തുണച്ചതോടെ ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക് വഴുതിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു കുട്ടിയെപ്പോലെ തുള്ളിച്ചാടിയാണ് താന്‍ ആഘോഷിച്ചതെന്നും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ജുറെല്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ കരിയറിന് ഇതിലും വലിയൊരു വിടവാങ്ങല്‍ കിട്ടാനില്ലെന്ന് വീഡിയോയില്‍ റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ വിജയം എറിഞ്ഞിട്ടതെന്നും റുതുരാജ് വ്യക്തമാക്കി. ഈ ലോകകപ്പ് നേട്ടം തനിക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ലോകകപ്പിനായി രോഹിത്തും കോലിയും എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും അവരുടെ കരിയരിലെ പൊന്‍തൂവലാണ് ഈ വജിയമെന്നും വ്യക്തമാക്കി.

ടി20 ലോകകപ്പ് നേടിയശേഷം ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് ഗംഭീര സ്വീകരമാണ് ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യന്‍ ടീം തിരിച്ചുവന്നത്.