തിരുവനന്തപുരം: വയനാട് കേണിച്ചിറയില്‍നിന്ന് വനംവകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു. കുപ്പാടിയില്‍ വനംവകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതല്‍ ആരോഗ്യ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് കടുവയെ മൃഗശാല ആശുപത്രിയില്‍ എത്തിച്ചത്. 21 ദിവസത്തെ ക്വാറന്റീനും ചികിത്സയ്ക്കും ശേഷമാകും 10 വയസ്സുള്ള ആണ്‍ കടുവയെ മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റുക. ഇതോടെ മൃഗശാലയിലെ ബംഗാള്‍ പെണ്‍കടുവയ്ക്ക് കൂട്ടായി.

കഴിഞ്ഞമാസം 23-നാണ് സൗത്ത് വയനാട് ഫോറെസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്തുനിന്ന് പത്ത് വയസ്സ് പ്രായമുള്ള ആണ്‍ കടുവയെ പിടികൂടിയത്. ജനവാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ കെണിവെച്ച് പിടികൂടുകയായിരുന്നു.

14 മണിക്കൂര്‍ യാത്രയ്ക്ക് ഒടുവില്‍ പ്രത്യേകം സജ്ജീകരിച്ച ആനിമല്‍ ആംബുലന്‍സില്‍ തോല്‍പ്പെട്ടി 17ാമന്‍ തിരുവനന്തപുരത്ത് എത്തി. ചെയ്തലം റേഞ്ച് ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു യാത്ര. യാത്രയില്‍ ശാന്തനായിരുന്നു. മൃഗശാലയില്‍ എത്തിച്ച് കൂട്ടിലേക്ക് കയറ്റുമ്പോള്‍ ഇടയ്ക്ക് ഒന്ന് ശൗര്യം വീണ്ടെടുത്തു. പിന്നെ പതുങ്ങി. ഇനി 21 ദിവസം നീണ്ട ക്വാറന്റീന്‍. ചെറിയ ക്ഷീണവും നടക്കാന്‍ പ്രയാസവും ഉണ്ടെങ്കിലും ആരോഗ്യവാനാണ്.

പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈന്‍ കൂട്ടിലാണ് ഇപ്പോള്‍ കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും. ശരീരത്തില്‍ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുറിവുകള്‍ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തില്‍ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്.

പ്രാഥമിക പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, ക്വാറന്റൈന്‍ കാലയളവില്‍ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂര്‍ണമായി വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ അറിയിച്ചു.

നിലവില്‍ തിരുവനന്തപുരം മൃഗശാലയില്‍ രണ്ട് ബംഗാള്‍ കടുവകളും രണ്ട് വെള്ളക്കടുവകളും ആണുള്ളത്. ഇതില്‍ ബബിത എന്നു പേരുള്ള പെണ്‍കടുവയെ മാര്‍ച്ച് ഇരുപത്തിരണ്ടിന് വയനാട്ടില്‍നിന്ന് കൊണ്ടുവന്നതാണ്. ഇപ്പോള്‍ ഇവിടെയെത്തിച്ച ആണ്‍ കടുവ ഉള്‍പ്പെടെ മൃഗശാലയില്‍ ആകെ അഞ്ച് കടുവകളാണുള്ളത്.