കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഒൻപതാം ക്ലാസ്സുകാരിയെ വളച്ചെടുത്തത് അടിപൊളി ഫോട്ടോകൾ കാണിച്ച്. വെളുത്തു തുടുത്ത സുന്ദരൻ ചെക്കന്റെ മെസ്സേജുകളിൽ വീണു പോയ പെൺകുട്ടി പ്രണയത്തിലേക്ക് വീഴുകയും പിന്നീട് പണവും മാനവും പോകുകയായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം കസബ പൊലീസ് ഒറ്റപ്പാലം സ്വദേശികളായ ഷറഫലിയെയും സുഹൃത്ത് രാഗേഷിനെയും അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

ഓൺലൈൻ പഠനത്തിനിടെയാണ് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഷറഫലിയുടെ ചതിയിൽ വീണത്. ഓൺലൈൻ പഠനം തുടങ്ങിയതോടെ മാതാവിന്റെ മൊബൈൽ ഫോൺ മുഴുവൻ സമയവും പെൺകുട്ടിയുടെ കൈകകളിലായി. അങ്ങനെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ സൗഹൃദം കൂടാൻ താൽപര്യമറിയിച്ചുള്ള പലരുടെയും സന്ദേശങ്ങളെത്തി. ഇതിനിടയിലാണ് ഷറഫലി സൗഹൃദ ലിസ്റ്റിൽ ഇടം പിടിച്ചത്. പരസ്പരം സന്ദേശങ്ങളയച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പതിവായി. ഇതിനിടയിൽ പെൺകുട്ടിയോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇൻസ്റ്റാഗ്രാമിലെ കിടിലൻ ഫോട്ടോകൾ കണ്ട് മയങ്ങിയ പെൺകുട്ടി ഷറഫലിയുടെ ചൂണ്ടയിൽ കുരുങ്ങി.

ഇതോടെ പരസ്പരം ഫോൺ നമ്പർ കൈമാറുകയും ഫോൺ വിളികൾ പതിവാകുകയും ചെയ്തു. നേരിട്ട് കാണണമെന്നുള്ള ഷറഫലിയുടെ നിർബന്ധത്തിന് വഴങ്ങി പെൺകുട്ടി കോഴിക്കോട് വച്ച് കാണാമെന്ന് സമ്മതിച്ചു. ഹൈലൈറ്റ് മാളിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ഷറഫലിയുടെ ഒപ്പം സുഹൃത്ത് രാഗേഷുമുണ്ടായിരുന്നു. പലവട്ടം ഇവർ തമ്മിൽ കാണുകയും ഇടക്ക് കൂട്ടുകാരിയെ കാണാനെന്നറിയിച്ച് പെൺകുട്ടി പുറത്തിറങ്ങിയ ദിവസങ്ങളിൽ യാത്ര എറണാകുളത്തേക്കും പെരിന്തൽമണ്ണയിലേക്കും നീണ്ടു.

യാത്രക്കിടയിൽ അരുതാത്തത് പലതുമുണ്ടായി. വാഹനം വാങ്ങാനായി പണത്തിനത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയോട് പണം ആവിശ്യപ്പെട്ടു. തന്റെ കയ്യിൽ പണമില്ലെന്ന് അറിയിച്ചപ്പോൾ ആവേശം തണുത്ത മട്ടിൽ ഷറഫലി ഫോൺ വിളി കുറച്ചു. പണമില്ലെങ്കിൽ സ്വർണ്ണമാണെങ്കിലും മതി എന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇതിനും തയ്യാറാകാതെ വന്നതോടെ തന്റെ ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

പേടിച്ചു പോയ പെൺകുട്ടി ഗത്യന്തരമില്ലാതെ മാതാവറിയാതെ പണവും കയ്യിലുണ്ടായിരുന്ന നാലരപ്പവൻ സ്വർണവും ഷറഫലിക്ക് കൈമാറി. വീണ്ടും പണം ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി മാനസികമായി തളർന്നു. പെൺകുട്ടിയുടെ സ്വഭാവ മാറ്റവും ഒറ്റയ്ക്കിരിക്കലും ആത്മഹത്യാ പ്രവണതയുൾപ്പെടെ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കാര്യം തിരക്കി. ദുരനുഭവം പറഞ്ഞതോടെ വീട്ടുകാർ ആകെ തകർന്നു. ഷറഫലിയോട് കാര്യം തിരക്കിയ പെൺകുട്ടിയുടെ ബന്ധുക്കളോട് പൊലീസിൽ പരാതി നൽകിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെ വന്നതോടെയാണ് കുടുംബം കസബ പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഷറഫലിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പട്ടാമ്പി സ്വദേശിയാണെന്ന് കണ്ടെത്തി. തുടർന്ന് കസബ എസ്‌ഐ വി സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്ടാമ്പിയിലെത്തുകയും തന്ത്രപൂർവ്വം പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒപ്പം സുഹൃത്തിനെയും പിടികൂടി. ഫറഫലി വിദേശത്തു നിന്നും വന്നതിന് ശേഷം ജോലിയില്ലാതെ നിൽക്കുകയാണ്. ദിവസവും ഫോട്ടോ ഷൂട്ടുമായി നടക്കുകയാണ് പ്രധാന പരിപാടി.

പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്ത നാലരപ്പവൻ സ്വർണം 75,000 രൂപയ്ക്ക് പാലക്കാടു തന്നെയുള്ള ഒരു ജ്യൂവലറിയിൽ വിറ്റിരുന്നു. ഇവിടെ നിന്നും പൊലീസ് സ്വർണം കണ്ടെടുത്തു. ഓൺലൈൻ വിദ്യാഭ്യാസത്തിനിടയിൽ കുട്ടികളെ തനിച്ചിരുത്തുന്ന പ്രവണത കുറക്കണമെന്നും എപ്പോഴും കുട്ടികളുടെ മേൽ മുതിർന്നവരുടെ ശ്രദ്ധവേണമെന്നും എസ്‌ഐ സിജിത്ത് പറഞ്ഞു.