ഹരാരെ: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സിംബാബ്വെയാണ് ഇന്ത്യയുടെ എതിരാളികള്‍. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരനിരയുമായാണ് ഇന്ത്യ സിംബാബ്വെയില്‍ പരമ്പരക്കിറങ്ങുന്നത്.

ലോകകപ്പ് നേടിയ ടീലെ ആരും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ലെങ്കിലും ലോകകപ്പ് ടീമിലെ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ അവസാന മൂന്ന് ടി20കള്‍ക്കുള്ള ടീമിനൊപ്പം ചേരും. ലോകകപ്പ് ടീമിലെ റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന ശുബ്മാന്‍ ഗില്ലാണ് ടീമിന്റെ നായകന്‍. ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെല്ലാം അടങ്ങുന്നതാണ് യുവ ഇന്ത്യ.

സഞ്ജു സാംസണ്‍ ആയിരുന്നു ആദ്യം പ്രഖ്യാപിച്ച ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജുവിനും യശസ്വിയ്ക്കും ദുബെയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കി പകരം സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാര്‍ ടീമിലെടുക്കുകയായിരുന്നു.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നാളെ ആരൊക്കെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മ അരങ്ങേറാനാണ് സാധ്യത. അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ഇടം കൈ വലം കൈ കോംബിനേഷനും ഉറപ്പുവരുത്താനാവും. പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയായ അഭിഷേകിനെ ഓള്‍ റൗണ്ടറായും പരിഗണിക്കാനാവും.

മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്‌കോററും നായകനുമായ ഋതുരാജ് ഗെയ്ക്വാദ് എത്തും. നാലാം നമ്പറില്‍ റിയാന്‍ പരാഗ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറും. ഐപിഎല്ലില്‍ രാജസ്ഥാനായി മിന്നും പ്രകടനം പുറത്തെടുത്ത പരാഗ് സ്പിന്‍ ഓള്‍ റൗണ്ടറുമാണ്. ലോകകപ്പ് ടീമില്‍ നിര്‍ഭാഗ്യം കൊണ്ട് സ്ഥാനം നഷ്ടമായ റിങ്കു സിംഗാകും ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തുക. ഇന്ത്യക്കായി ഇതുവരെ 15 ടി20 മത്സരങ്ങള്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയിലും 180 സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചു കൂട്ടിയിട്ടുണ്ട്.

സഞ്ജു സാംസണിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്ക് അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ എത്തുമ്പോള്‍ സ്‌പെഷലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയി ആകും ടീമിലെത്തുക. പേസര്‍മാരായി ഖലീല്‍ അഹമ്മദും മുകേഷ് കുമാറും എത്തുമ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ ഹര്‍ഷിത് റാണയും നാളെ ഇന്ത്യക്കായി അരങ്ങേറും.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം; ശുഭ്മാന്‍ ഗില്‍, അഭിഷേ് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ഹര്‍ഷിത് റാണ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.