തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിൽ ബിലീവേഴ്സ് ചർച്ചിനും മംഗളം ചാനൽ മുൻ മേധാവി അജിത് കുമാർ അജന്താലയത്തിനും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രദീപിന്റെ ഭാര്യ ഡോ.ശ്രീജ പ്രദീപ് ആവശ്യപ്പെട്ടു. ബിലീവേഴ്സ് ചർച്ചിനെതിരെ നിരന്തരം വാർത്തകൾ ചെയ്തതിനെ തുടർന്ന് അവിടെ നിന്നും ഭീഷണിയുണ്ടായിരുന്നു എന്നും  ശ്രീജ മറുനാടനോട് പറഞ്ഞു.

അടുത്തിടെ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനകളുടെ വാർത്തകളും തുടർച്ചയായി നൽകിയിരുന്നു. ഇത് അവർക്ക് കൂടുതൽ വൈരാഗ്യമുണ്ടാക്കിയിരുന്നു എന്നും മരണത്തിൽ ബിലീവേഴ്സ് ചർച്ചിന് പങ്കുണ്ടോ എന്ന് സംശയിക്കാൻ കാരണം ഇക്കാര്യങ്ങളാണ് എന്നും അവർ വ്യക്തമാക്കി. കൂടാതെ മംഗളം ചാനൽ മേധാവിയായിരുന്ന അജിത് കുമാർ അജന്താലയത്തിനെതിരെ കേസ് പിൻവലിച്ചതായി വിവരം ലഭിച്ചുവെന്നും അത്തരമൊരു കാര്യം പ്രദീപ് തന്നോടോ കേസിലെ വാദിയായ സഹപ്രവർത്തകനോടോ പറഞ്ഞിരുന്നില്ലെന്നും ശ്രീജ ആരോപിക്കുന്നു.

അടുത്തിടെ അജിത്കുമാർ പ്രദീപിനെ നിരന്തരം ഫോൺ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ല. മരണം നടക്കുന്നതിന് മുൻപ് വല്ലാത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി തോന്നിയിരുന്നു എന്നും ചോദിച്ചപ്പോൾ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല എന്നും ശ്രീജ പറഞ്ഞു. അജിത് കുമാറിന് ബിലീവേഴ്സ് ചർച്ചുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ ഹണീ ട്രാപ്പ് കേസിലെ വ്യക്തമായ വിവരങ്ങൾ അറിയാവുന്ന ആളുകൂടിയായതിനാൽ അജിത്കുമാറിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടോ എന്നും സംശയിക്കുന്നതായും അവർ പറഞ്ഞു.

നിരവധി ഭീഷണികൾ പല വാർത്തകൾ ചെയ്യുമ്പോഴും പ്രദീപിന് നേരെ ഉയരാറുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഫോൺ വിളിച്ച് ഭീഷണിയുണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് പ്രദീപ് ചെയ്തിരുന്നത്. എനിക്ക് ആരെയും ഭയമില്ല.. എന്റെ ജീവിതം പരമാവധി സന്തോഷിച്ച് തീർത്തതാണ്.. അതിനാൽ മരണത്തെ പോലും ഭയമില്ലെന്ന് ഭീഷണിപ്പെടുത്തുന്നവരോട് പറയുമായിരുന്നു. അത്രയും തന്റേടത്തോടെ സംസാരിക്കുന്ന പ്രദീപിനെ ഭയപ്പടുത്താൻ കഴിയില്ലെന്ന് വിളിക്കുന്നവർക്ക് മനസ്സിലാകും. അതിനാലാവും ഇപ്പോൾ ഒരു അപകടമരണമാക്കി കൊല നടത്തിയത് എന്നും സംശയിക്കുന്നതായും ശ്രീജ പറഞ്ഞു.

പ്രദീപിന്റെ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചാൽ ഒരു പക്ഷേ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയുമെന്നും ശ്രീജ വിശ്വസിക്കുന്നു. പൊലീസ് കണ്ടെത്തിയിരിക്കുന്നത് യഥാർത്ഥ പ്രതികളല്ലെന്നാണ് ശ്രീജയുടെ വാദം. അവർക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന യഥാർത്ഥ ശക്തികളെ പുറത്തുകൊണ്ടുവരാൻ പൊലീസും സർക്കാരും ശ്രമിക്കണം. സർക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും വേണ്ട. പകരം തന്റെ ഭർത്താവിന്റെ ഘാതകരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് ആവശ്യം.

പ്രദീപ് ചെയ്തിരിക്കുന്ന വാർത്തകളിലൊന്നും ഒരു കളവുമില്ല. പൂർണ്ണമായും ബോധ്യമുള്ള വാർത്തകളാണ് ചെയ്തിരുന്നത്. അതിനാൽ പലർക്കും കൊള്ളേണ്ടിടത്തുകൊണ്ടിട്ടുണ്ട്. അതിനാൽ ഒരുപാട് ശത്രുക്കൾ ജോലി സംബന്ധമായി ഉണ്ടായിട്ടുണ്ട്. എന്നാൽ അടുത്തറിയാവുന്ന ആളുകൾക്ക് ഒരിക്കലും അദ്ദേഹത്തോട് വിദ്വേഷം തോന്നാറില്ല. ജോലി സംബന്ധമായി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത് ആളാണ്. പലരും പ്രലോഭനങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും ഒന്നിനും വഴങ്ങാറുമില്ലായിരുന്നു.

അതിനാൽ തന്നെയാണ് അടുത്തിടെ ചെയ്ത വാർത്തകൾ സംബന്ധിച്ചും മംഗളത്തിനെതിരെയുള്ള കേസ് പിൻവലിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. സർക്കാർ സംവിധാനത്തോട് പൂർണ്ണമായും വിശ്വസിക്കുന്നുണ്ട്. അതിനാൽ അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ കണ്ടെത്തണം. അങ്ങനെ കഴിയുന്നില്ലെങ്കിൽ എത്രയും വേഗം കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷണം നടത്തണം. ധീരനായ പത്ര പ്രവർത്തകനായിരുന്നു അദ്ദേഹം. അതിനാൽ മരണത്തിലും അദ്ദേഹം ധീരനായി ഇരിക്കും. അദ്ദേഹത്തിന്റെ ഭാര്യയാതിൽ ഏറെ അഭിമാനമുണ്ട്. പക്ഷേ കൊലയാളികൾ രക്ഷപെടാൻ ഇടയാകരുതെന്നും ശ്രീജ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പാപ്പനംകോട് തുലവിളയിൽ വച്ചായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോറി മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിൻചക്രത്തിനടിയിലേക്കാണ് പ്രദീപ് വീണത്. അപകടശേഷം ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം അപകടത്തിനിടയാക്കിയ ടിപ്പർലോറി പൊലീസ് കണ്ടെത്തി. ഡ്രൈവർ പേരൂർക്കട സ്വദേശി ജോയി(55)യെ അറസ്റ്റുചെയ്തു.

നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഈഞ്ചയ്ക്കലിൽനിന്നാണ് ലോറി പിടിച്ചെടുത്തത്. അപകടത്തെത്തുടർന്ന് ഭയന്നതിനാൽ ലോറി നിർത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോടു പറഞ്ഞു. ഇയാൾക്കെതിരേ മനഃപൂർവമായ നരഹത്യക്ക് കേസെടുത്തു. ചെറിയകൊണ്ണിയിൽനിന്ന് എം സാൻഡുമായി വെള്ളായണി സർവോദയം റോഡിലേക്കുപോയ ലോറിയാണ് പ്രദീപിന്റെ സ്‌കൂട്ടറിൽ ഇടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ലോറി കണ്ടെത്തിയത്.

കെ.എൽ. 01 സി.കെ. 6949 എന്ന രജിസ്‌ട്രേഷനിലുള്ള മിനി ടിപ്പർ ലോറിയിൽ അപകടസമയത്ത് ഡ്രൈവർക്കൊപ്പം ഉടമയും ഉണ്ടായിരുന്നു. വാഹനം നിർത്താതെ ഓടിച്ചുപോകാൻ ഉടമ പറഞ്ഞതായും ഡ്രൈവർ പൊലീസിനോടു പറഞ്ഞു. എന്നാൽ ഡ്രൈവറുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.