തിരുവനന്തപുരം: ലീഡര്‍ കെ. കരുണാകരന്‍ കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുമാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ നിത്യ സ്മാരകങ്ങളായി നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും മോട്ടോര്‍ തൊഴിലാളികളും സംയുക്തമായി നടത്തിയ അനുസ്മരണ പരിപാടിയില്‍ കനകക്കുന്ന് വളപ്പിലെ ലീഡര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ. കരുണാകരന്‍ എന്നും കോണ്‍ഗ്രസിന്റെ രക്ഷകനായിരുന്നു. നിര്‍ണായകഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തമായി നയിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെ. കരുണാകരനായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഐ.എന്‍.ടി.യു.സി രംഗത്ത് കൂടി പൊതുരംഗത്ത് വന്ന കെ. കരുണാകരന്റെ ഓര്‍മ്മകളുമായി ഒത്തുചേരുന്നത് ഐ.എന്‍.ടി.യു.സി തൊഴിലാളികളണെന്നത് സന്തോഷകരമാണ്. ലീഡറെ ഓര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യര്‍ തൊഴിലാളികളാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ടി. ശരത് ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കെ. മോഹന്‍ കുമാര്‍, എന്‍. ശക്തന്‍, പാലോട് രവി, വി.എസ്. ശിവകുമാര്‍, ചാല സുധാകരന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പന്തളം സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.