മുംബൈ: രൺബീർ കപൂർ നായകനായി എത്തിയ അനിമൽ സിനിമയിലൂടെ ആരാധക മനം കവർന്ന നടിയാണ് തൃപ്തി ദിമ്രി. ഈ സിനിമയിലെ അഭിനയത്തിലൂടെ വലിയ ആരാധകവൃന്ദമാണ് താരത്തിന് ഉണ്ടായത്. ഇപ്പോൾ മുംബൈയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈ ബാന്ദ്രയിലാണ് താരം ആഡംബര ഭവനം സ്വന്തമാക്കിയത്. 15 കോടി മുടക്കിയാണ് താരം വീട് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, രേഖ തുടങ്ങിവർ താമസിക്കുന്ന കാർട്ടർ റോഡിലാണ് തൃപ്തിയുടെ പുതിയ ബംഗ്ലാവ്. രൺബീർ കപൂറും ആലിയ ഭട്ടും ഇവിടെയാണ് താമസിക്കുന്നത്. 2226 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ് വീട്. 70 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്ട്രേഷൻ ഫീയായും തൃപ്തി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നു. ജൂൺ മൂന്നിനായിരുന്നു രജിസ്ട്രേഷൻ.

ഉത്തരാഖണ്ഡിലെ ഗർഹ്വാൾ സ്വദേശിയാണ് തൃപ്തി. 2017ലാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സാജിദ് അലിയുടെ ലൈല മജ്നുവിൽ അഭിനയിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബുൾബുൾ വൻ വിജയമായി. ക്വാല എന്ന ചിത്രത്തിലും അഭിനയിച്ചു. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.