കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി വിളിച്ചു ചേര്‍ത്ത മേഖലാതല അവലോകന യോഗങ്ങള്‍ക്ക് ഇന്നു കണ്ണൂരില്‍ തുടക്കമാകും. ജില്ലാ, ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്ന വടക്കന്‍ മേഖലയോഗമാണ്് കണ്ണൂരില്‍ നടക്കുന്നത്.നാളെ കോഴിക്കോട്, എറണാകുളം മേഖലാ യോഗങ്ങളും നാലിന് കൊല്ലം മേഖലാ യോഗവും നടക്കും. കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടുന്ന വടക്കന്‍ മേഖലായോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രിയുടെ താന്‍പോരിമയും അനഭിമതരായ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും ജില്ലാ സെക്രട്ടേറിയറ്റുകളിലും വിമര്‍ശമുയര്‍ന്നിരുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേഖലാ യോഗങ്ങളിലും സമാനവിഷയങ്ങള്‍ തന്നെയാവും ചര്‍ച്ചയാവുക. ഒപ്പം കണ്ണൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ക്വട്ടേഷന്‍ വിവാദവും സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തേമാസിന്റെ വെളിപ്പെടുത്തലുകളും യോഗത്തിലുയരുമെന്നുറപ്പ്. പ്രാദേശികവിഭാഗീയതയും വോട്ടുചോര്‍ച്ചയ്ക്കു കാരണമായെന്നതിനാല്‍ അത്തരത്തിലുള്ള ചര്‍ച്ചകളിലേക്കും മേഖലായോഗങ്ങള്‍ വഴിതുറക്കും. പാര്‍ട്ടി കോട്ടകളിലെ വോട്ടൊഴുക്കിനുള്ള പ്രധാന കാരണം പ്രാദേശികതലത്തിലെ പ്രശ്നങ്ങളാണ്. ഒപ്പം തുടച്ചുമാറ്റിയെന്ന് കരുതിയ വിഭാഗീയത രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സജീവമായതും മേഖലാ യോഗങ്ങളില്‍ ഉയര്‍ന്നുവരാനിടയുണ്ട്.

പ്രായാധിക്യവും അസുഖങ്ങളും കാരണം വി.എസ് അച്യുതാനന്ദന്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞതോടെയാണ് സംസ്ഥാന സി.പി.എമ്മില്‍ വിഭാഗീയതയ്ക്ക് താല്‍ക്കാലിക ശമനമായത്. പാര്‍ട്ടി രൂപം കൊണ്ട കണ്ണൂരില്‍ നിന്നു തന്നെയാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉയരുന്നതും. മുമ്പ് ഒന്നോ രണ്ടോ നേതാക്കളില്‍ കേന്ദ്രീകരിച്ചായിരുന്നു ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍ തന്നെയുള്ള പ്രധാനനേതാക്കള്‍ മൂന്ന് ഗ്രൂപ്പായി തിരിഞ്ഞാണ് പാര്‍ട്ടിയില്‍ പട നയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതും കോടിയേരിയുടെ മരണത്തോടെ ഒഴിവുവന്ന സെക്രട്ടറി കസേരയില്‍ എം.വി ഗോവിന്ദനെ അവരോധിച്ചതും അടക്കമുള്ള കാരണങ്ങളാല്‍ കുറച്ചുകാലമായി മുഖ്യമന്ത്രി പിണറായിയുമായി അകല്‍ച്ചയിലാണ് ഇ.പി ജയരാജന്‍. പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള ചെറുസംഘമാണ് ഇ.പിക്കൊപ്പം നിലയുറപ്പിക്കുന്നത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടതിനു ശേഷമാണ് തെറ്റുതിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കുക.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റുതിരുത്തലിനൊരുങ്ങുന്ന സിപിഎമ്മിനു കണ്ണൂര്‍ ജില്ലയില്‍ അത്ര പന്തിയല്ല കാര്യങ്ങള്‍. വോട്ടുചോര്‍ച്ചയ്ക്കു പിന്നില്‍ പ്രാദേശിക വിഭാഗീയതകളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് നേതൃത്വം. പ്രാദേശിക പ്രശ്നങ്ങള്‍ അച്ചടക്കനടപടിയിലൂടെ പരിഹരിക്കുന്നതിനു പകരം ഒത്തുതീര്‍പ്പുവഴിയില്‍ നീങ്ങുന്നതാണ് ഇതിനു കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി.ജയരാജന്‍ നടത്തുന്ന വിവാദ ഇടപെടലുകളും ജില്ലയില്‍ ചര്‍ച്ചയാണ്. നേതാക്കള്‍ തമ്മിലെ പടലപിണക്കം പാര്‍ട്ടിയെ അടിമുടി ബാധിക്കുന്നതായി അണികള്‍ തുറന്നുപറഞ്ഞു തുടങ്ങി. എവിടെയാണു തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്ന ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്.
ഇതിനെല്ലാം പുറമേയാണ് മനു തോമസ് പി. ജയരാജന്‍ പോരും അതെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയവിവാദങ്ങളും. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു സംരക്ഷണം നല്‍കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്നു ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ഗൗരവത്തിലെടുത്തില്ല എന്ന ആരോപണമുയര്‍ത്തിയാണ്, ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് പാര്‍ട്ടി വിട്ടത്. മനുവിന്റെ ആരോപണങ്ങളെ തള്ളിയപ്പോഴും മനുവിനെ 'നോവിക്കാത്ത' തരത്തിലായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ ഒരാളോട് ഇത്രയും മൃദുസമീപനം ഉണ്ടാകുന്നത് ഒരുപക്ഷേ, ആദ്യമാകാം.

മനു പാര്‍ട്ടിയില്‍നിന്നു പുറത്തുപോയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ സംസ്ഥാനസമിതി അംഗം പി.ജയരാജന്‍ വിശദീകരിച്ചതല്ല പാര്‍ട്ടി നിലപാടെന്നും സിപിഎം അടിവരയിട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ പാര്‍ട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടാക്കിയാല്‍ കൂടെയുണ്ടാകില്ലെന്നു പി.ജയരാജനു വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് ജില്ലാ സെക്രട്ടേറിയറ്റ്. മനുവിന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ച് തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പാര്‍ട്ടി തയാറായില്ലെന്നതില്‍ പി.ജയരാജന് ആശ്വസിക്കാമെങ്കിലും അദ്ദേഹത്തിന്റെ ഫാന്‍സുകാരെ തള്ളിപ്പറഞ്ഞതു ക്ഷീണമായി.

മനു പുറത്തുപോകാന്‍ കാരണം ബിസിനസ് ബന്ധങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതാണ് എന്ന തരത്തിലായിരുന്നു പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഈ വാദം ക്വട്ടേഷന്‍ സംഘങ്ങളെന്നു സിപിഎമ്മും മനുവും ആരോപിക്കുന്നവര്‍ ഏറ്റുപിടിച്ചു. ഇതു പിന്‍പറ്റിയാണ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടിയെ സംശയമുനയില്‍ നിര്‍ത്തുന്ന ആരോപണമെല്ലാം ഉയര്‍ന്നത്. പി.ജയരാജന്റേതു പാര്‍ട്ടി നിലപാടല്ലെന്നും അംഗത്വം പുതുക്കാത്തതിന്റെ പേരില്‍ മനു ഒഴിവായതാണെന്നും സെക്രട്ടേറിയറ്റ് ആവര്‍ത്തിച്ചതിലൂടെ, ജയരാജന്റെ ഇടപെടല്‍ അനാവശ്യമായിരുന്നെന്നു പറയുകയാണു പാര്‍ട്ടി. മനുവിനെ പ്രകോപിപ്പിച്ചാല്‍ പാര്‍ട്ടി കുരുക്കിലാകുന്ന പലകാര്യങ്ങളും പുറത്തുവരുമെന്ന ആശങ്ക നേതൃനിരയില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. വിവാദങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ പി.ജയരാജനോടു നിര്‍ദേശിച്ചത് അതുകൊണ്ടാണെന്നാണു വിലയിരുത്തല്‍.

ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പേരില്‍ മനുവിനു നേരിടേണ്ടിവന്ന ഭീഷണിയെയും അതിനു പിറകിലുള്ള ക്വട്ടേഷന്‍ സംഘങ്ങളെയും പാര്‍ട്ടി തള്ളിപ്പറഞ്ഞു. പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരുണ്ടെന്നു സിപിഎം നേരത്തേ തിരിച്ചറിഞ്ഞതാണ്. അത്തരം ഗ്രൂപ്പുകളുടെ നടത്തിപ്പിന്റെ കാര്യത്തില്‍ ജയരാജനെയും മകനെയും സംശയമുനയില്‍ നിര്‍ത്തുന്നതാണ് മനുവിന്റെ ആരോപണങ്ങള്‍.

പി.ജയരാജനെപ്പോലെ ശക്തനായ നേതാവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കണമെങ്കില്‍ മനു തോമസിനു പാര്‍ട്ടിയില്‍നിന്നുതന്നെ പിന്തുണ കിട്ടുന്നുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്. തന്റെ പേര് മനു തോമസ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പരാമര്‍ശിച്ചതിനാലാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്ന നിലപാടാണ് പി.ജയരാജന്‍ പാര്‍ട്ടി മുന്‍പാകെ വച്ചതെങ്കിലും അതംഗീകരിക്കപ്പെട്ടില്ല. തല്‍ക്കാലം പാര്‍ട്ടി സംരക്ഷിച്ചെങ്കിലും ജയരാജനെനെതിരെ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. സമീപകാലത്തു പി.ജയരാജന്‍ പാര്‍ട്ടിക്കകത്ത് എടുത്ത നിലപാടുകള്‍ ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു വിഷമം സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടര്‍ചലനമാണോ പുതിയ വിവാദത്തിനു തിരികൊളുത്തിയതിനു പിന്നിലെന്നു സംശയിക്കുന്നവര്‍ പാര്‍ട്ടിയില്‍ത്തന്നെയുണ്ട്.

പി.ജയരാജനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് ഇതു മൂന്നാം തവതവണയാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വത്തിനു പരസ്യമായി തള്ളിപ്പറയേണ്ടി വരുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട്, പാര്‍ട്ടി പ്രവര്‍ത്തകരായിരുന്ന ആകാശ് തില്ലങ്കേരിയുടെയും അര്‍ജുന്‍ ആയങ്കിയുടെയും പേരുയര്‍ന്നപ്പോഴായിരുന്നു ആദ്യത്തേത്. ഷുഹൈബ് വധം പാര്‍ട്ടി നേതാക്കളുടെ അറിവോടെയാണെന്ന ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നപ്പോള്‍ 2023ലും ക്വട്ടേഷന്‍ സംഘത്തെ സിപിഎം തള്ളിപ്പറഞ്ഞു. ഇവിടെയെല്ലാം സംശയമുനയിലായിരുന്നത് പി.ജയരാജനാണ്.

മായ്ച്ചിട്ടും മായാതെ നില്‍ക്കുകയാണ് സിപിഎമ്മിനു നേരെ ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നു കഴിഞ്ഞദിവസവും പ്രഖ്യാപിച്ചു. അതിനു പിന്നാലെ, സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചതിന്റെ പേരില്‍ പെരിങ്ങോം ഏരിയയില്‍ പാര്‍ട്ടി അംഗത്തെ പുറത്താക്കിയെന്ന വാര്‍ത്ത വന്നു. ക്വട്ടേഷന്‍ ബന്ധത്തിന്റെ പേരില്‍ ഒരുമാസം മുന്‍പുപോലും നടപടിയെടുക്കേണ്ടി വന്നുവെന്നു പറയുന്നത്, മനു ചൂണ്ടിക്കാട്ടിയ ആപത്ത് എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിനു തെളിവാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.