ന്യൂഡൽഹി: ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈൽ അഗ്‌നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുൾകലാം ദ്വീപിൽ വച്ചാണ് പരീക്ഷണം നടന്നത്. ബുധനാഴ്ച രാത്രി 7.50നായിരുന്നു പരീക്ഷണം.

കരയിൽ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി വിഷയങ്ങളുടെ പശ്ചാത്തലത്തിൽ മിസൈൽ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ്ണ പ്രവർത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് മിസൈലിനുള്ളത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽവരെ കൃത്യമായി പതിക്കാനുള്ള ശേഷി അഗ്‌നി മിസൈലിനുണ്ട്. 2012ലാണ് അഗ്‌നി 5ന്റെ ആദ്യ പരീക്ഷണം നടന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അല്ലെങ്കിൽ ഐസിബിഎം വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. 17 മീറ്റർ നീളമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്.

അന്തർവാഹിനി അധിഷ്ഠിത ആണവ മിസൈലുകൾക്കൊപ്പം ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയായാണ് അഗ്‌നി 5നെ കണക്കാക്കുന്നത്. അഗ്‌നി സീരിസിലെ അഞ്ചാമത്തെ മിസൈലാണിത്. അഗ്‌നി 1 -700 കി.മി, അഗ്‌നി 2-2000 കി.മീ, അഗ്‌നി 3-അഗ്‌നി 4 2500 മുതൽ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

വിശ്വസനീയമായ മിനിമം പ്രതിരോധം' എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമാണ് അഗ്നി5 ഉപയോഗപ്പെടുത്തുക. 'ആദ്യം ഉപയോഗിക്കേണ്ടതില്ല' എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുക കൂടി ചെയ്യുന്നു. 2012ലാണ് അഗ്നി5ന്റെ ആദ്യ പരീക്ഷണം നടത്തിയത്.