തിരുവനന്തപുരം: കോവിഡിന് അലോപ്പതി മരുന്നുകളെയാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വ്യാപക ചർച്ചകൾ നടക്കുന്നുണ്ട്.ഇക്കഴിഞ്ഞ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൽ കോവിഡിനെതിരെ ആയുർവേദം പരീക്ഷിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പരാമർശിച്ചു.എന്നാൽ പിന്നീട് പഠനം എന്തായെന്നോ നിലവിലെ അവസ്ഥ എന്താണെന്നോ എന്നൊന്നും ചർച്ചയായില്ല.എന്നാലിപ്പോൾ ആരോഗ്യമന്ത്രി തന്നെ ആയുർവേദം കോവിഡ് മെച്ചമാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

നിയമസഭയിൽ മന്ത്രി വീണാ ജോർജ് ചോദ്യത്തിനുത്തരമായിട്ടാണ് ഇക്കാര്യം പറഞ്ഞതെങ്കിലും പൊതുജനങ്ങൾക്കായി വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കൂട്ടിച്ചേർത്തിട്ടുമുണ്ട്.എംഎൽഎ കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.പഠനത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരണത്തിനായി വിവിധ അന്താരാഷ്ട്ര ജേണലുകളിലേക്ക് അയച്ചിട്ടുണ്ട്. ആയുർവേദം മെച്ചമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും കോവിഡിന്റെ സംസ്ഥാനതല കർമസേനയിൽ ആയുർവേദവിദഗ്ധരെ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കില്ലെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.

ഗവർണറുടെ നയപ്രഖ്യാപനത്തിൽ കോവിഡ്ചികിത്സയിൽ ആയുർവേദവും പരീക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും പഠനഫലങ്ങളെക്കുറിച്ച് പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലും ഇവ പറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പഠനഫലങ്ങൾ സർക്കാരിന്റെ കൈവശം കിട്ടിയെങ്കിലും നിയമസഭയിൽ ചോദ്യം വരേണ്ടി വന്നു അതു വെളിച്ചംകാണാൻ.

കോവിഡ്ചികിത്സയ്ക്ക് ഭേഷജം എന്ന പദ്ധതിയാണ് നടപ്പാക്കിയത്. ഭേഷജത്തെക്കുറിച്ച് 2020 ഡിസംബർ ഒന്നുമുതൽ ജനുവരി 15 വരെ പഠനം നടന്നിരുന്നു. കഴിഞ്ഞ വർഷം മെയ്‌ 21 മുതൽ ജൂലായ് നാലുവരെ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന 1,01,218 പേരിലാണ് പഠനം നടത്തിയത്. മരുന്ന് ഉപയോഗിച്ചവരിൽ 0.34 ശതമാനംപേർ മാത്രമാണ് നിരീക്ഷണകാലയളവിൽ പോസിറ്റീവ് ആയത്.എന്നാൽ, ഉപയോഗിക്കാത്തവരിൽ 1.67 ശതമാനം പേർ പോസിറ്റീവായി. നിരീക്ഷണത്തിലിരിക്കെ ആയുർവേദ മരുന്ന് ഉപയോഗിക്കുകയും പോസിറ്റീവ് ആവുകയും ചെയ്തവരിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറവും ആയിരുന്നു.

ഗുരുതരാവസ്ഥയിലല്ലാത്ത 9,855 കോവിഡ് രോഗികളിൽ 95.87 ശതമാനം പേർക്കും മറ്റു പ്രശനങ്ങളൊന്നുമില്ലാതെ കോവിഡ് സുഖപ്പെട്ടു. 44 രോഗികളെ മാത്രമാണ് അലോപ്പതിയിലേക്ക് റഫർ ചെയ്തത്. ക്വാറന്റീനിലുള്ളവർക്ക് അമൃതം, കോവിഡ് മുക്തർക്ക് പുനർജനി എന്നിവയും സംസ്ഥാനത്ത് നടക്കുന്നുണ്ട്‌