മുംബൈ: ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി തനിക്ക് ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങളുണ്ട്. നാനാവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാൽ അനുവദിക്കണമെന്നും വരവര റാവു ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ അവസ്ഥയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഒന്നിനാണ് വാദപ്രതിവാദം പൂർത്തിയാക്കിയത്. കോടതി നിർദ്ദേശപ്രകാരം റാവു നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്.

റാവു സുഖം പ്രാപിച്ചതായും ബന്ധുക്കൾ ആരോപിച്ചതുപോലെ മറവി രോഗം കണ്ടെത്തിയിട്ടില്ലെന്നുമാണ് അവസാനമായി നാനാവതി ആശുപത്രി കോടതിക്ക് റിപ്പോർട്ട് നൽകിയത്.

എന്നാൽ, മറവി രോഗത്തെക്കുറിച്ച് വിദഗ്ധമായ പരിശോധനയില്ലാതെ തീർത്ത് പറയാനാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് പരിഗണിച്ച് വരവരറാവുവിനെ തലോജ ജയിൽ ആശുപത്രിയിലേക്കോ ജെ.ജെ മെഡിക്കൽ കോളജ് പ്രിസൺ വാർഡിലേക്കോ മാറ്റണമെന്നാണ് എൻ.െഎ.എയുടെ വാദം.

മറവിരോഗ ലക്ഷണങ്ങളുണ്ടെന്ന് നേരത്തേ ജെ.ജെ, സെന്റ് ജോർജ് ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. ജയിലിലേക്ക് മാറ്റിയാൽ റാവുവിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുമെന്നും കടുത്ത നിബന്ധനകളോടെ ജാമ്യം നൽകി വീട്ടിൽ പോകാൻ അനുവദിക്കണമെന്നുമാണ് റാവുവിന്റെ അഭിഭാഷകരായ ആനന്ദ് ഗ്രോവറും, ഇന്ദിര ജയ്‌സിങ്ങും വാദിച്ചത്.