പാലക്കാട്: തൃത്താലയിൽ കോൺഗ്രസിലെ വിമത ശബ്ദത്തിനും പരിഹാരം കണ്ട് കെ സുധാകരൻ. മുൻ ഡിസിസി അധ്യക്ഷൻ സി വി ബാലചന്ദ്രൻ ഉയർത്തിയ കലാപക്കൊടി താഴ്‌ത്തിയത് കെ സുധാകരൻ നടത്തിയ ചർച്ചയിലാണ്. കെപിസിസി ജനറൽ സെക്രട്ടറിയാക്കാമെന്ന് കൂടിക്കാഴ്ചയിൽ കെ സുധാകരൻ ഉറപ്പ് നൽകിയതോടെയാണ് വിമത നീക്കം അവസാനിച്ചത്. വൈകിട്ട് നാലുമണിയോടെയാണ് മുൻ ഡിസിസി അധ്യക്ഷൻ സി വി ബാലചന്ദ്രന്റെ വീട്ടിൽ സുധാകരനെത്തിയത്.

കെപിസിസി സമിതിയിൽ പരിഗണന വേണമെന്ന് ബാലചന്ദ്രനും ഒപ്പമുള്ള പ്രവർത്തകരും ആവശ്യപ്പെട്ടു. നേതൃത്വവുമായി ചർച്ച നടത്തിയശേഷം കെപിസിസി ജനറൽ സെക്രട്ടറിയാക്കാമെന്ന് സുധാകരൻ ഉറപ്പ് നൽകി. ഇന്നലെ ബാലചന്ദ്രന്റെ നേതൃത്വത്തിൽ സമാന്തരയോഗം വിളിച്ചിരുന്നു.

ഇടഞ്ഞുനിന്ന ബാലചന്ദ്രനെ തളയ്ക്കാൻ നീക്കമുണ്ടായില്ലെങ്കിൽ ജില്ലയിലെ ആകെയുള്ള രണ്ടു സീറ്റുകളിലൊന്നായ തൃത്താല കോൺഗ്രസിന് വെല്ലുവിളിയായേനെ. വി ടി ബൽറാമിനെതിരെ എംബി രാജേഷിനെയാണ് സിപിഎം രംഗത്തിറക്കുന്നത്.