നിങ്ങൾക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ആരോ അദൃശ്യമായി ഇരുന്ന് നിയന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ? കൃത്യമായി എങ്ങനെയാണ് ഇതൊക്കെ ആവർത്തിച്ചുവരുന്നതെന്നത് അത്ഭുതപ്പെടുത്താറില്ലേ? ശരീരത്തിനുള്ളിലെ ഓരോ കോശത്തെയും ഇത്തരത്തിൽ പ്രവർത്തിപ്പിക്കാൻ സജ്ജമാക്കുന്ന ഒരു ബോഡി ക്ലോക്ക് നമ്മുടെയുള്ളിലുണ്ടെന്നതാണ് വാസ്തവം. ഈ ജൈവ ഘടികാരമാണ് ശരീരത്തിന്റെ ഓരോ ആവശ്യങ്ങളും അതാത് സമയത്ത് തലച്ചോറിലെത്തിക്കുകയും അതിനുള്ള ലക്ഷണങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നത്.

20,000-ത്തോളം കോശങ്ങളടങ്ങിയ, ഒരു അരിമണിയുടെയത്ര പോലും വലിപ്പമില്ലാത്ത അത്ഭുതസഞ്ചയമാണ് ജൈവ ഘടികാരം. ശരീരത്തിലെ ഓരോ അവയവവും ആവശ്യാനുസരണം പ്രവർത്തിക്കുന്നത് ഈ ക്ലോക്കിന്റെ സഹായത്തോടെയാണ്. ആ താളത്തിലാണ് ശരീരം പ്രവർത്തിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനം, പ്രതിരോധശേഷി, ഹൃദയമിടിപ്പ്, ദഹനം തുടങ്ങിയവയെല്ലാം ഇതനുസരിച്ചാണ് നടക്കുന്നത്. ഇതിന്റെ പ്രവർത്തനത്തെ കുഴക്കുന്ന രീതിയിൽ നിങ്ങളുടെ ജീവിതശൈലി തെറ്റുമ്പോഴാണ് ശരീരം അതിനോട് പ്രതികരിക്കുന്നതും അസുഖങ്ങൾപോലെ പലതും നിങ്ങളെ കീഴ്‌പ്പെടുത്തുന്നതും.

പല കാരണങ്ങൾകൊണ്ടും ക്ലോക്കിന്റെ പ്രവർത്തനത്തെ അലോസരപ്പെടുത്താനും തടസ്സപ്പെടുത്താനും ഇടയാക്കും. നിങ്ങളുടെ ഉറക്കത്തിന്റെ സമയം തുടർച്ചയായി മാറുന്നുണ്ടെന്ന് കരുതുക. അതു നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെയാകെ കീഴ്‌മേൽ മറിക്കും. ദഹനം മുതൽ രക്തസമ്മർദം വരെ പലതിനെയും അത് ബാധിക്കും. രാത്രിയിൽ ശക്തമായ വെളിച്ചത്തിൽ ഉറങ്ങേണ്ടിവന്നാൽപ്പോലും ക്ലോക്കിന്റെ പ്രവർത്തനം തകരാറിലാകുന്ന സാഹചര്യമുണ്ടാകും.

ക്രമം തെറ്റിയ ഭക്ഷണമോ മരുന്നുകളുടെ ഉപയോഗമോ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തെ ഉലയ്ക്കുന്നത് ക്ലോക്കിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതുകൊണ്ടാണ്. ദഹനത്തെ സഹായിക്കുന്നതും മറ്റുമായ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ഇതോടെ ക്രമരഹിതമാകും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ക്ലോക്കിനെക്കുറിച്ച് മനസ്സിലാക്കിയാൽ, ശരീരത്തിന്റെ പല പ്രശ്‌നങ്ങളെയും മനസ്സിലാക്കാനാവുമെന്നതാണ് യാഥാർഥ്യം. രോഗങ്ങളിൽനിന്നും മരുന്നുകളിൽനിന്നും മുക്തരായി, കൂടുതർ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ അത് സഹായിക്കും.

രോഗങ്ങൾ വരുന്നതിനുപോലും ഒരു പ്രത്യേക സമയമുണ്ടെന്നതാണ് ബോഡി ക്ലോക്കിന്റെ പ്രത്യേകത. നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ രക്തസമ്മർദം കുറവായിരിക്കും. അത് കൂടിവരുന്നത് രാവിലെ ഉണരുന്ന സമയതത്തോട് അടുക്കുമ്പോഴാണ്. അതുപോലെ രക്തം കട്ടപിടിക്കാതെ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റ്‌സ് പകൽസമയത്താണ് കൂടുതൽ കട്ടയാകുന്നത്. അഡ്രിനാലിൻ പോലുള്ള ഹോർമോണുകളും പകൽ സമയത്താകും കൂടുതൽ ഉദ്പാദിപ്പിക്കപ്പെടുക. അതുകൊണ്ടാണ് രാവിനെ ആറുമുതൽ ഉച്ചവരെയുള്ള സമയത്ത് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്.

ചില പ്രത്യേക സമയങ്ങളിലുണ്ടാകുന്ന പരിക്കുകളും വേദനയും കൂടുതൽ സാരമായി ബാധിക്കുന്നതിന് പിന്നിലും ബോഡി ക്ലോക്കുണ്ട്. മുറിവുകളുണക്കുന്നതിന് സഹായിക്കുന്ന ത്വക്കിലെ കോശങ്ങളായ ഫൈബ്രോബ്ലാസ്റ്റ്‌സ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് പകൽസമയങ്ങളിലാണ്. ഈ കോശങ്ങൾ കൂടുതൽ പ്രവർത്തനസജ്ജമായിരിക്കുന്ന സമയത്തുണ്ടാകുന്ന മുറിവുകൾ വേഗത്തിലുണങ്ങുമെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു. രാത്രികാലങ്ങളിലുണ്ടാകുന്ന പൊള്ളൽ പകൽസമയങ്ങളിലുണ്ടാകുന്നവയെക്കാൾ 11 ദിവസത്തോളം വൈകി മാത്രമേ ഉണങ്ങാറുള്ളൂവെന്നും ഇതേ പഠനം സൂചിപ്പിക്കുന്നു.