തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തെറിച്ചതോടെ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസ് രവീന്ദ്രനെയും തെറുപ്പിക്കണമെന്ന ആവശ്യം പാർട്ടി തലത്തിൽ ശക്തമാകുന്നു. അധികാരത്തിൽ വന്നതുമുതൽ മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായി തുടരുകയാണ് രവീന്ദ്രൻ. രവീന്ദ്രനെ മാറ്റണമെന്ന ആവശ്യമാണ് പാർട്ടി കേന്ദ്രങ്ങളിൽ ശക്തമാകുന്നത്. സിപിഎമ്മിന് ഭരണതുടർച്ച നഷ്ടമാക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ചില തലകൾ ഉരുളണമെന്ന ആവശ്യമാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉയരുന്നത്. എം.ശിവശങ്കർ-രവീന്ദ്രൻ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത്. ഈ കൊക്കസിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവർത്തിച്ചത്.

ഈ കൊക്കസിന്റെ ഭാഗമായ രണ്ടു പേരും തെറിച്ചു. രവീന്ദ്രൻ മാത്രം എന്തുകൊണ്ട് തുടരുന്നു എന്ന ചോദ്യമാണ് മുഴങ്ങുന്നത്. പാർട്ടി തലത്തിൽ മാത്രമല്ല സർക്കാർ തലത്തിലും ഈ ചോദ്യം ശക്തമാണ്. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്താണ് ദേശീയതലത്തിൽ തന്നെ സിപിഎമ്മിന്റെ ഇമേജ് മോശമാക്കിയത്. ശിവശങ്കർ പുറത്തായി. സ്വപ്ന സുരേഷ് അഴിക്കുള്ളിലും. രവീന്ദ്രനെ ഉടൻ പുറത്താക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ മുഴങ്ങുന്നത്. തന്റെ ഓഫീസ് കേന്ദ്രമാക്കി നടന്ന സ്വർണ്ണക്കടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിക്കാൻ പാർട്ടി നേതൃത്വം താത്ക്കാലത്തേക്ക് തയ്യാറല്ലെങ്കിലും രവീന്ദ്രനെ എതിരെയുള്ള നീക്കങ്ങൾ പാർട്ടി തലത്തിൽ ശക്തമാണ്.

മുടി കളർ ചെയ്ത് ആകർഷകമായ വസ്ത്രങ്ങളും ധരിച്ച് കോർപ്പറെറ്റ് ഇംഗ്ലീഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നാ സുരേഷ് സ്ഥിര സന്ദർശനം നടത്തുമ്പോൾ എന്തുകൊണ്ട് ഇത് തടഞ്ഞില്ലെന്ന ചോദ്യമാണ് പാർട്ടി നേതാക്കൾ ഉയർത്തുന്നത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഈ രീതിയിൽ ഒരു സ്ത്രീയ്ക്ക് ഒന്നോ രണ്ടോ ദിവസം മാത്രം സന്ദർശനം നടത്താൻ മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നാണ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സ്വപ്ന വിഎസിന്റെ ഓഫീസിൽ ഈ രീതിയിൽ സന്ദർശനം നടത്തിയിരുന്നെങ്കിൽ രണ്ടാം ദിവസം തന്നെ സ്വപ്നയെക്കുറിച്ചുള്ള സകല റിപ്പോർട്ടും വിഎസിന്റെ മുന്നിൽ എത്തുമായിരുന്നു. ഇതിൽ വിഎസിന്റെ ഇടപെടലും വരുമായിരുന്നു. ഇതോടെ സന്ദർശനത്തിനും നീക്കങ്ങൾക്കും കൂച്ച് വിലങ്ങു വീഴും. ഇതാണ് ഇടത് ഭരണത്തിന്റെ രീതി. ഈ രീതി അറിയാവുന്ന രവീന്ദ്രൻ എന്തുകൊണ്ട് സ്വപ്നയുടെ നീക്കങ്ങൾ തടഞ്ഞില്ലെന്ന ചോദ്യമാണ് മുഴങ്ങുന്നത്. സ്വപ്‌നക്കെതിരായി നിരന്തരം വന്ന ഇന്റലിൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താതെ പൂഴ്‌ത്തിയതിന് പിന്നിലും വിശ്വസ്തനായ ഈ അഡീഷണൽ പിഎസിന്റെ കരങ്ങൾ തന്നെയാണെന്ന ആക്ഷേപം ശക്തമാണ്.

ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോൾ സർവ അധികാരങ്ങളും ഇവരിൽ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും നടക്കണമെങ്കിൽ രവീന്ദ്രൻ വിചാരിക്കണം. രവീന്ദ്രൻ വിളിച്ചു പറഞ്ഞാൽ അത് നടക്കുകയും ചെയ്യും. ഇത്രമാത്രം അധികാര ശക്തിയുണ്ടായിരുന്ന രവീന്ദ്രന് സ്വപ്ന-ശിവശങ്കർ ബന്ധം അറിയാൻ കഴിഞ്ഞില്ലെന്നും സ്വർണ്ണക്കടത്ത് അറിയാൻ കഴിഞ്ഞില്ലെന്നും പറഞ്ഞാൽ അത് വിശ്വാസത്തിൽ എടുക്കാൻ പാർട്ടി കേന്ദ്രങ്ങൾ തത്ക്കാലം തയ്യാറല്ല. ഇതാണ് രവീന്ദ്രനെതിരെയുള്ള നീക്കങ്ങൾ ശക്തമാകാൻ കാരണം. മുഖ്യമന്ത്രി കൽപ്പിച്ച് കൊടുക്കുന്ന അധികാരങ്ങൾ ആണ് രവീന്ദ്രൻ ഉപയോഗിച്ചത്. അപ്പോൾ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്. ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ആണെങ്കിലും തത്ക്കാലം രവീന്ദ്രനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി തലത്തിലെ നീക്കം.

മുഖ്യമന്ത്രിയുടെ സന്തത സഹചാരിയാണ് രവീന്ദ്രൻ. ഇടത് ഭരണം വന്നപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും സർക്കാർ പദവികൾ ഒരു മുടക്കവും കൂടാതെ ലഭിച്ച വ്യക്തിയാണ് രവീന്ദ്രൻ. പിണറായിയോടും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് പദവികൾ രവീന്ദ്രനെ തേടി വരാൻ കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പല തീരുമാനങ്ങൾക്കും പ്രേരകശക്തികൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും രവീന്ദ്രനുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇവർ ഇരുവരും അറിയാതെ ഒരു നീക്കവും വന്നിട്ടില്ല. തീരുമാനമേടുക്കാനുള്ള ഫയലിൽ മുഖ്യമന്ത്രിയുടെ പേരിൽ ഇവർ തീരുമാനമെടുക്കും. എല്ലാ തീരുമാനവും മുഖ്യമന്ത്രിയുടെ പേരിലാണ് വരുന്നത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം വെച്ച് രവീന്ദ്രനും സ്വാധീനം വെച്ച് ശിവശങ്കറും സർവസ്വതന്ത്രമായി കാര്യങ്ങൾ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസും വീടുമായും ഒരേ പോലെ ബന്ധമുള്ളയാളാണ് രവീന്ദ്രൻ. ലാവ്‌ലിൻ കാലം മുതൽ രവീന്ദ്രന് പിണറായി വിജയനുമായി അടുപ്പമുണ്ട്. വിഎസിന്റെ പേഴ്‌സണൽ സ്റ്റാഫിലും കോടിയേരിയുടെ പെഴ്‌സണൽ സ്റ്റാഫിലും മുഖ്യമന്ത്രിയുടെ പെഴ്‌സണൽ സ്റ്റാഫിലും അനായാസം കടന്നുകയറാൻ രവീന്ദ്രന് കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ഈ അടുപ്പമാണ് രവീന്ദ്രൻ ചൂഷണം ചെയ്തത് എന്നാണ് പാർട്ടി കേന്ദ്രങ്ങളിലെ സംസാരവിഷയം. ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട എല്ലാ കാര്യങ്ങൾ ചെയ്യാനും സർവസഹായങ്ങളും ചെയ്തത് രവീന്ദ്രനായിരുന്നു.

മുഖ്യമന്ത്രിയുടെ പെഴ്‌സണൽ സ്റ്റാഫിനെ നിയന്ത്രിക്കുമ്പോൾ പാർട്ടി ഏർപ്പെടുത്തിയ എല്ലാ നിർദ്ദേശങ്ങളിലും ഇളവ് ലഭിച്ച ഒരാൾ രവീന്ദ്രനായിരുന്നു. ഇത് രവീന്ദ്രന് പാർട്ടി കേന്ദ്രങ്ങളുമായുള്ള അടുപ്പത്തിനു തെളിവുമായിരുന്നു. ഇത്ര ശക്തമായ സ്വാധീനമുള്ള രവീന്ദ്രൻ സ്വർണ്ണക്കടത്ത് ബന്ധത്തിന്റെ പശ്ചാത്തലത്തിലും തുടരുന്നതിലാണ് പാർട്ടി കേന്ദ്രങ്ങളിൽ എതിർപ്പ് ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ഒരു അഴിച്ചുപണിക്കുള്ള സാധ്യത മുഖ്യമന്ത്രിയുടെ ഓഫീസിൽ നിലനിൽക്കുകയാണ്. പാർട്ടി തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി ആവശ്യം ഉയരുന്നില്ലെങ്കിലും ലൈഫ് മിഷൻ തട്ടിപ്പിന്റെ വെളിച്ചത്തിലും സ്വർണ്ണക്കടത്ത് പ്രശ്‌നത്തിലും മുഖ്യമന്ത്രിയുടെ രാജി തന്നെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫും ബിജെപിയും. മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വർണ്ണക്കടത്ത് ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നു ദേശീയ തലത്തിൽ തന്നെ ആവശ്യം ഉയർന്നിട്ടുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണ് പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്താണ് ദേവേന്ദ്ര ഫട്നാവിസ് ഈ ആവശ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ രേഖകൾ എല്ലാം സർക്കാരിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിന്റെ ടെൻഡർ വിഷയത്തിലും അദാനിയുമായി സർക്കാർ ഒത്തു കളിച്ചെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

വിമാനത്താവള നടത്തിപ്പ് ലേലത്തിനായി അദാനിക്ക് ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് നിയമോപദേശം തേടിയതോടെ സർക്കാരിന്റെ കള്ളം വെളിച്ചത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. എല്ലാ കരാറുകളും നടപടികളും സർക്കാരിനെ തിരിഞ്ഞു കൊത്തുമ്പോൾ പരിഹാരമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിച്ചു പണിയെക്കുറിച്ച് സിപിഎം ചിന്തിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിക്ക് തന്നെ എതിർപ്പില്ലാത്ത അവസ്ഥയിൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കാനുള്ള നടപടികൾക്ക് തുടക്കമിടാനാണ് പാർട്ടി തലത്തിലുള്ള നീക്കം. ഇങ്ങനെയെങ്കിൽ ആദ്യം പുറത്താകേണ്ട പട്ടികയിലാണ് മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായ രവീന്ദ്രന്റെ പേരുള്ളത്.