കോതമംഗലം;അന്നും ഇന്നും ജനങ്ങളുടെ മാന്യനായ സുഹൃത്താണ് ആകാശവാണി. ഗുരുവായും സുഹൃത്തായും വഴികാട്ടിയായിയുമൊക്കെ കൂടെ കൂട്ടാം. അറിവുകളുടെ കലവറകൂടിയാണ് ഈ മാധ്യമം. ഇതിനെ കൊല്ലുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. കഴിയാവുന്ന രീതിയിലെല്ലാം ഇതിനെതിരെ നീങ്ങും.'റേഡിയോമാൻ ' സി കെ അലക്സാണ്ടർ പറഞ്ഞു.

സംസ്ഥാന- ദേശീയ അദ്ധ്യാപക അവാർഡ് ജോതാവ്, വൻ ശിഷ്യസമ്പത്തുള്ള ചിത്രകല അദ്ധ്യാപകൻ, പഴയകാല വാദ്യോപകരണമായ ബുൾബുളിൽ ഇന്ദ്രജാലം തീർക്കുന്ന സംഗീതജ്ഞൻ , അറിയപ്പെടുന്ന കൃഷി വിദഗ്ധൻ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്. ആകാശവാണി നിലയങ്ങൾ നിർത്തലാക്കാൻ സർക്കാർ തലത്തിൽ നീക്കങ്ങൾ നടക്കുന്നതായി പ്രചരിച്ചിട്ടുള്ള വാർത്തകൾ തന്നെ അസ്വസ്ഥനാക്കിയിരിക്കുകയാണെന്നും ഉടൻ ഇതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കുന്നതിനുള്ള നീക്കത്തിലാണ് താണെന്നും അലക്സാണ്ടർ മറുനാടനുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

നുറുങ്ങ് വിദ്യകളിലൂടെയും കഥയും കവിതയുമൊക്കെ ഉൾക്കൊള്ളിച്ചുമായിരുന്നു തന്റെ ക്ലാസ്സുകളെന്നും അതുകൊണ്ട് തന്നെ ചിത്രകലയിൽ കാര്യമായ അഭിരുചി ഇല്ലാത്ത വിദ്യാർത്ഥികൾ പോലും തന്റെ ക്ലാസ്സുകൾ ഏറെ താൽപര്യത്തോടെയാണ് വീക്ഷിച്ചിരുന്നതെന്നും അലക്സാണ്ടർ മാഷ് അറിയച്ചു. 1994 ൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ്, 1995 ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ്, 1980 ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള ആകാശവാണിയുടെ പുരസ്‌കാരം, 2019ൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതവിനുള്ള കാഞ്ചിരവം കലാവേദിയുടെ 'ശ്രവണശ്രീ' പുരസ്‌കാരം എന്നി അംഗീകാരങ്ങളും ഇദ്ദേഹത്തെതേടി എത്തിയിട്ടുണ്ട്.

17-ാം വയസ്സിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകല അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗീക ജീവിതം ആരംഭിച്ചത്. ഇന്ന് റേഡിയോയും ബുൾബുളും ചിത്രകലയും മാറ്റി നിർത്തിയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രകണ്ട് ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാർഡുകൾ നേടിത്തന്നതിൽ മുഖ്യ പങ്ക് വഹിച്ചത് റേഡിയോ ആയിരുന്നു. ജീവിത വിജയത്തിൽ ആകാശവാണി വഹിച്ച് പങ്ക് ഏറെ വലുതാണ്പ്രവർത്തി പരിചയ അദ്ധ്യാപനത്തിൽ റിസോഴ്‌സ് പേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ രംഗത്ത് 2000-ലധികം പ്രൈമറി അദ്ധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ആകാശവാണിയിലും, ദൂരദർശനിലും വിദ്യാഭ്യാസരംഗത്തിന്റെ ഭാഗമായ പ്രവൃത്തി പരിചയ പരിപാടികൾ അവതരിപ്പിക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ചിത്രരചനയിലും, പ്രവൃത്തി പരിചയ മേളകളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിക്കൊടുക്കുവാനും സാധിച്ചിട്ടുണ്ട്.അലക്സാണ്ടർ മാഷ് വ്യക്തമാക്കി.

ആകാശവാണിയിലെ വയലും വീടും കൃഷിപാഠം പരമ്പരകളിലെ സ്ഥിരം വിജയി കൂടിയായിരുന്നു ഇദ്ദേഹം. ഇതിന്റെ ഭാഗമായി രണ്ടു തവണ അഖിലേന്ത്യാ പര്യടനം സാധ്യമായി.മ ുൻ കേന്ദ്രമന്ത്രി സസന്ത് സാഠേ റേഡിയോ സമ്മാനിതും ഈ വഴിക്കുള്ള നേട്ടങ്ങളിൽ ഉൾപ്പെടും.പിൽക്കാലത്ത് സമ്മാനമായി ലഭിച്ച 25 ൽ പരം റേഡിയോ സെറ്റുകൾ അടുപ്പക്കാർക്ക് സമ്മാനിച്ച് ,അവരെക്കൂടി ആകാശവാണിയുടെ ശ്രോതാക്കളായി മാറ്റിയിരുന്നു.1998-ൽ കോതമംഗലം മാർ ബേസിൽ സ്‌കൂളിൽ നിന്നും വിരമിച്ചതുമുതൽ റേഡിയോയും ബുൾബുളുമായുള്ള മാഷിന്റെ ചങ്ങാത്തത്തിന് ആക്കം കൂടിയിതായിട്ടാണ് ബന്ധുക്കളും അടുപ്പക്കാരും സാക്ഷ്യപ്പെടുത്തുന്നത്.ഇതിനിടയിൽത്തന്നെ ചിത്രകലയിലെ തന്റെതായ പഠന-പര്യവേഷണങ്ങൾ തുടരുന്നതിനും മാഷ് സമയം കണ്ടെത്തുന്നു.

പുതിയ തലമുറക്ക് അത്ര പരിചിതമല്ലാത്ത പഴയകാല വാദ്യോപകരണമാണ് ബുൾബുൾ.ഇത് വായിക്കുവാൻ പഠിക്കുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്.1930 കാലഘട്ടത്തിലാണ് ബുൾബുൾ ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമാകുന്നത്.ഗസൽ സംഗീതത്തിന്റെ ആഘോഷ രാവുകൾക്കു ഹരം പകരുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നത് ഈ സംഗീതോപകരണമാണ്.പിയാനോയിലെതുപോലെ കീകളും ഗീറ്ററിന്റെതുപോലെ സ്ട്രിങ്ങുകളുമാണ് ബുൾബുളിനുള്ളത്.ഇന്ന് കേരളത്തിൽ ബുൾബുൾ എന്നാ സംഗീതോപകരണം വായിക്കാൻ അറിയാവുന്ന അപൂർവം ചിലരിൽ ഒരാളാണ് കോതമംഗലം ചേലാട് ചെങ്ങമനാടൻ വീട്ടിൽ അലക്സാണ്ടർ എന്ന കുഞ്ഞുസാർ.
78-ന്റെ നിറവിലാണെങ്കിലും ആകാശവാണിയോടുള്ള പ്രണയം അൽപ്പം പോലും കുറഞ്ഞിട്ടില്ലന്നും കൃഷിയിടത്തിൽ പോലും റേഡിയോ ഒപ്പം കരുതുന്ന പഴയരീതി ഇന്നും പിതാവ് തുടരുന്നുണ്ടെന്നും മകൻ ഏബിൾ സി അലക്സ് അറിയിച്ചു.കോതമംഗലം എം എ കോളേജ് ജീവനക്കാരനാണ് ഏബിൾ.

സമായസമയങ്ങളിൽ കൃത്യമായി,പക്ഷാഭേതമില്ലാതെയായിരുന്നു ആകാശവാണി തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ചിരുന്നത്.തിരഞ്ഞെടുപ്പുകാലങ്ങളിന്നോളം പൂർണ്ണമായും വിശ്വസിച്ചിരുന്നത് ആകാശവാണി വാർത്തകളെ മാത്രം.അത് ഇക്കുറിയും അങ്ങിനെ തന്നെ.തിരഞ്ഞെടുപ്പുകാല വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു മാഷിന്റെ പ്രതികരണം. ആകാശവാണിയെ വിട്ട് ഒരു ജീവിതമില്ല.ഇപ്പോഴും ആകാശവാണിയെ ജീവനെപ്പോലെ സ്നേഹിക്കുന്നവരുണ്ട്.അവരെയും ഒപ്പം ചേർത്ത് ഇതിന് ഇടങ്കോലിടാൻ രംഗത്തിറങ്ങുന്നവർക്കെതിരെ പ്രതികരിക്കും.വേണ്ടിവന്നാൽ നിയമപോരാട്ടത്തിനും മുന്നിട്ടിറങ്ങും.കുഞ്ഞുസാർ നയം വ്യക്തമാക്കി.