തിരുവനന്തപുരം: ഒരു തവണ കൂടി കോൺഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നെന്ന് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. കോൺഗ്രസിനും യുഡിഎഫിനും കേരളത്തിൽ പ്രസക്തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും കെ സുധാകരൻ എംപി പറഞ്ഞു. കേരളത്തിൽ ധാരണ ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും ബിജെപിയുടെ രാഷ്ട്രീയ ശത്രു സിപിഎമ്മല്ല, കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറിയ ഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയാലും ബിജെപി ഭരണം അട്ടിമറിക്കുമെന്ന് രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. നല്ല ആളുകൾ സ്ഥാനാർത്ഥികളായാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിന് ഭരിക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണമെന്നാണ് രാഹുൽ ​ഗാന്ധിയുടെ അഭിപ്രായം.

നല്ല ആളുകളെ സ്ഥാനാർത്ഥിയാക്കിയിട്ടും കാര്യമില്ല. ചെറിയ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചാൽ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.