കോട്ടയം: ഇടതു മുന്നണിയിൽ തർക്കം നിലനിന്നിരുന്ന കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ ധാരണയായി. പ്രസിഡൻറ് പദവി ആദ്യ രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിന് നൽകും. പിന്നീട് രണ്ടുവർഷം സിപിഎമ്മിനും അവസാന ഒരു വർഷം സിപിഐക്കും നൽകും. വൈസ് പ്രസിഡണ്ട് പദവി ആദ്യ രണ്ട് വർഷം സിപിഎമ്മിനും പിന്നീട് ഒരു വർഷം സിപിഐക്കും അവസാന രണ്ടു വർഷങ്ങൾ കേരള കോൺഗ്രസ് എമ്മിനും നൽകും. നിർമ്മല ജിമ്മി ഇടതുമുന്നണിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിയാവും

ജോസ് കെ. മാണി വിഭാഗം മുന്നണി മാറിയതോടെ ശ്രദ്ധാകേന്ദ്രമായ കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് മികച്ച വിജയം നേടിയിരുന്നു. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഎഡിഎഫ് 14 സീറ്റു നേടിയപ്പോൾ ഏഴു സീറ്റു മാത്രമാണ് യുഡിഎഫിന് നേടാനായത്. സിപിഎം – 6, കേരള കോൺഗ്രസ് (എം) – 5, സിപിഐ – 3 എന്നിങ്ങനെയാണ് എൽഡിഎഫിലെ കക്ഷികൾ നേടിയ സീറ്റുകൾ.

യുഡിഎഫ് മുന്നണിയിൽ നിന്ന് കോൺഗ്രസ് അഞ്ചും സീറ്റും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) രണ്ടും സീറ്റുകളാണ് ജയിച്ചത്. പി.സി. ജോർജിന്റെ മകൻ ഷോൺ ജോ4ജിലൂടെ കേരള ജനപക്ഷം (സെക്കുലർ) പൂഞ്ഞാർ ഡിവിഷനിൽ ജയിച്ചു. 2015 –ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 14 സീറ്റിലും എൽഡിഎഫ് എട്ടു സീറ്റിലാണ് ജയിച്ചത്.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിപ്രവേശമാണ് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുന്നതിൽ എൽഡിഎഫിനു മുതൽകൂട്ടായത്. ജില്ലയിൽ എൽഡിഎഫിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ കേരള കോൺഗ്രസ് എമ്മിന് ഈ വിജയം ഇടയാക്കുമെന്നാണ് വിലയിരുത്തൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എമ്മിന് ശക്തിപകരും. അതേസമയം, യുഡിഎഫ് മുന്നണിയിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്.