തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് കത്തി നിൽക്കുന്ന വേളയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ വിലയം കൈവരിച്ചത്. ഇതോടെ പ്രതിപക്ഷം തകർന്നെന്ന വിധത്തിൽ വലിയ പ്രചരണങ്ങളായിരുന്നു സിപിഎം നടത്തിയത്. ഈ വിജയത്തിൽ മതിമറന്നാണ് പിൻവാതിൽ നിയമനങ്ങളുമായി സർക്കാർ മുന്നോട്ടു പോയത്. ഇതെല്ലാം ഒരു ഘട്ടം കഴിഞ്ഞപ്പോൾ സർക്കാർ പരിഹരിക്കുകയും ചെയ്തു.

എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പ് മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ സിപിഎമ്മിന് തുടർഭരണ പ്രതീക്ഷയിലായിരുന്നു. യുഡിഎഫിന് അകത്തെ പ്രശ്‌നങ്ങളും പിണറായിക്ക് എതിരാളി ഇല്ലാത്ത അവസ്ഥയുമെല്ലാം ഇടതു മുന്നണിയുടെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ, രണ്ട് ദിവസം കൊണ്ട് തെരഞ്ഞെടുപ്പു രംഗം അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും എതിരായ സ്വപ്‌ന സുരേഷിന്റെ മൊഴയിലെ വെളിപ്പെടുത്തലും പിന്നാലെ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് സമ്മാനിച്ച ഐഫോൺ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ഉപയോഗിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമാണ്. ഈ രണ്ട് വിവാദങ്ങളും യുഡിഎഫിന് ഭാഗ്യം കൊണ്ടുവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികാളാണ് ഐഫോൺ വിവാദം ഉണ്ടാക്കിയിരിക്കുന്നത്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പാർട്ടി തീർത്തും പ്രതിരോധത്തിലായ അവസ്ഥയിലാണ്. തിരഞ്ഞെടുപ്പു സമയത്ത് കേന്ദ്ര ഏജൻസികളിൽനിന്ന് എതിരായ നീക്കങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഐഫോൺ കണ്ടെത്തിയത് അപ്രതീക്ഷിത നീക്കമായി.

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും പങ്കുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തിയെന്ന വിധത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കസ്റ്റംസ് കമ്മിഷണറുടെ സത്യവാങ്മൂലം വ്യാജ സൃഷ്ടിയാണെന്ന നിലപാടിലായിരുന്നു പാർട്ടി. ഇതിനെതിരെ കസ്റ്റംസ് ഓഫിസുകളിലേയ്ക്ക് സിപിഎം മാർച്ച് നടത്താൻ പാർട്ടി തയ്യാറെടുത്തത് ആത്മവിശ്വാസത്തോടെയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണം പൊതുജനം വിശ്വസിക്കില്ലെന്നും കേന്ദ്ര ഏജൻസികളുടെ ഭയപ്പെടുത്തലാണെന്നുമാണ് സിപിഎം പൊതുവേ കരുതിയിരുന്നത്. ഈ വിഷയത്തിൽ പ്രതിരോധം തീർത്ത് സിപിഎം-ബിജെപി ഒത്തുകളിയെന്ന ചീത്തപ്പേര് ഇല്ലാതാക്കാനുമാണ് പാർട്ടി കരുതിയത്. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു എന്ന് പ്രചരിപ്പിക്കുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ അടക്കം സിപിഎമ്മിലേക്ക് എത്തുമെന്ന് പാർട്ടി കണക്കു കൂട്ടി. എന്നാൽ, ഐഫോൺ വിവാദം പാർട്ടി അണികൾക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

കോടതിയിൽ നൽകിയ 164 മൊഴി വ്യാജമാണെന്നു വരുത്തിത്തീർക്കാൻ സൈബർ ഇടങ്ങളിൽ ഉൾപ്പടെ ശ്രമം ശക്തമാകുന്നതിനിടെ ഡിജിറ്റൽ തെളിവുകളുമായി കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പാർട്ടിയെയും പ്രവർത്തകരെയും സമ്മർദത്തിലാക്കും. ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്റ്റംസ് ഉയർത്തുന്ന വാദങ്ങൾക്കു മുന്നിൽ എതിർവാദം ഉയർത്താൻ ആരോപണ വിധേയ വിയർക്കുമെന്നാണ് വിലയിരുത്തൽ. എങ്ങനയാണ് സ്വപ്നക്ക് നൽകിയ ഐഫോൺ വിനോദിനിയുടെ പക്കലെത്തിയെന്ന ചോദ്യം പൊതുജനം ചോദിച്ചുകൊണ്ടേയിരിക്കും. ഇതിന് ഉത്തരം പറയാൻ പാർർട്ടിക്ക് സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

തന്റെ പേരിലുള്ള സിംകാർഡ് മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നു എന്നു വാദിക്കുന്ന സാഹചര്യമുണ്ടായാലും ഇതിൽനിന്നു പുറത്തേക്കു പോയ വിളികൾ പരിശോധിച്ച് ഫോൺ ഉപയോഗിച്ചത് ആരാണെന്നു വ്യക്തമാകാൻ ബുദ്ധിമുട്ടുണ്ടാകില്ല. പ്രത്യേകിച്ച് ഇതേ നമ്പരിൽനിന്ന് ചില പ്രമുഖർക്ക് വിളികൾ പോയതായി കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിൽ. നേരത്തെ ആരോപണമുയർന്ന വീസ സ്റ്റാംപിങ് കമ്പനിയിലേക്കു കോളുകൾ പോയതും കസ്റ്റംസ് കണ്ടെത്തി. എൻഫോഴ്‌സമെന്റ് കേസിൽ അഴിക്കുള്ളിൽ കിടക്കുന്ന ബിനീഷ് കോടിയേരിയുടെ സ്വർണ്ണക്കടത്തു കേസ് ബന്ധം കൂടിയാണ് ഐഫോണിലൂടെ പുറത്തുവരുന്നത് എന്നും സൂചനകളുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ആരോപണം ഉയരുമ്പോൾ സംസ്ഥാനത്തിനെതിരെ കേന്ദ്രം ഭരിക്കുന്ന പാർട്ടി മനപ്പൂർവം നടത്തുന്ന ആക്രമണമാണെന്നു വരുത്തിത്തീർക്കാൻ ഏറെക്കുറെ സാധിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ് അന്വേഷണ ഏജൻസികൾ എന്ന ആരോപണവും സിപിഎം ഉയർത്തി. കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്ന കാര്യവും ഇതാണെന്ന് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. മന്ത്രിമാർക്കെതിരായ ആരോപണം രാഷ്ട്രീയമായി പ്രതിരോധിക്കാൻ സാധിച്ചിരുന്ന സിപിഎമ്മിന് വൻ പ്രഹരമാണ് വിനോദിനി വിഷയം കൊണ്ടുണ്ടായത്.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഡിസംബറിൽ നൽകിയ മൊഴി ഇത്രനാൾ പുറത്തു വിടാതിരുന്നത് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്ന ആരോപണവും ശക്തമായിരുന്നു. ഒരിടക്കാലത്ത് സ്വർണക്കടത്തിലും ഡോളർ കടത്തിലും അന്വേഷണം മരവിച്ച മട്ടായിരുന്നു. ഇതും തിരഞ്ഞെടുപ്പു സമയത്ത് ആരോപണങ്ങളുമായി എത്താനായിരുന്നു എന്നാണ് പാർട്ടി കുറ്റപ്പെടുത്തുന്നത്. എന്നാൽ കേസിൽ ഉൾപ്പെട്ട ഉന്നതരെക്കുറിച്ചുള്ള വിവരങ്ങൾ ആയതിനാൽ കേന്ദ്ര അനുമതി വാങ്ങാനാണ് വൈകിപ്പിച്ചത് എന്നാണ് കസ്റ്റംസ് വിശദീകരണം.

യുഎഇ കോൺസുലേറ്റിൽ നടന്ന വാർഷിക ചടങ്ങിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഐഫോൺ ലഭിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ച് അതു സ്വീകരിച്ച ചെന്നിത്തല പ്രതിപക്ഷ സ്ഥാനം രാജിവയ്ക്കണം എന്നും നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സ്വന്തം വീട്ടിൽനിന്നു തന്നെ ഒരാൾ അതേ ഫോൺ ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന വിവരം പുറത്തു വരുന്നത് പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തു നിൽക്കുന്ന കോടിയേരിക്കും തിരിച്ചടിയായിട്ടുണ്ട്.

വിജിലൻസിനു കണ്ടെത്താൻ കഴിയാതിരുന്ന ഫോണാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കമെന്നു നേതൃത്വം പറയുന്നുണ്ടെങ്കിലും സന്തോഷ് ഈപ്പൻ വാങ്ങിയ ഫോൺ എങ്ങനെ വിനോദിനിയുടെ കയ്യിലെത്തിയെന്നു വിശദീകരിക്കാൻ പ്രയാസമായിരിക്കും.

ലൈഫ് മിഷൻ കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിനു നൽകിയ 7 ഐ ഫോണുകളിൽ ആറെണ്ണത്തിന്റെ വിവരങ്ങൾ വിജിലൻസും ശേഖരിച്ചിരുന്നു. ഏറ്റവും വിലകൂടിയ ഐ ഫോൺ നൽകിയത് കോൺസൽ ജനറലിനാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് സന്തോഷ് ഈപ്പൻ വാങ്ങിയ 6 ഫോണുകൾ കോൺസൽ ജനറലിന് ഇഷ്ടപ്പെടാത്തതിനാലാൽ തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള കടയിൽനിന്നാണ് 1.13 ലക്ഷം രൂപയ്ക്കു ഫോൺ വാങ്ങിയത്.

99,000 രൂപ വിലയുള്ള ഫോൺ ശിവശങ്കറിനു സ്വപ്ന നൽകി. ഒരെണ്ണം സന്തോഷ് ഈപ്പൻ ഉപയോഗത്തിനായി എടുത്തു. പിന്നീടുള്ളവ കോൺസുലേറ്റിലെ നറുക്കെടുപ്പിൽ അസി.പ്രോട്ടോകോൾ ഓഫിസറായ രാജീവനും വിമാനക്കമ്പനി ജീവനക്കാരനായ വാസുദേവ ശർമയ്ക്കും കോൺസുലേറ്റിലെ ഡിസൈനറായിരുന്ന പ്രവീണിനും നൽകി. നറുക്കെടുപ്പിൽ നൽകിയത് 49,000 രൂപയുടെ ഫോണാണ്. ഒരെണ്ണം ആരുടെ കയ്യിലാണെന്നു അപ്പോഴും വ്യക്തമായിരുന്നില്ല. ആ ഫോണാണ് കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ശിവശങ്കറിനു കോഴയിടപാട് അറിയാമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണു വിജിലൻസ് അഞ്ചാം പ്രതിയാക്കിയത്. ഐഫോൺ വാങ്ങുമ്പോൾ അത് സന്തോഷ് ഈപ്പൻ സമ്മാനിച്ചതാണെന്നു ശിവശങ്കറിന് അറിവുണ്ടായിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി യൂണീടാക്കിനു ലഭിച്ചത് കമ്മിഷൻ നൽകിയിട്ടാണെന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു.

ഇപ്പോഴത്തെ വിവാദങ്ങൾ തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ നിർണയിക്കുന്നതാണ്. പുറത്തുവന്ന സർവേകളിൽ സിപിഎം തുടർഭരണം പ്രവചിക്കുമ്പോഴാണ് യുഡിഎഫിന് വലിയ മൈലേജ് നൽകുന്ന വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്വർണ്ണക്കടത്തു കേസ് കൊണ്ട് പ്രയോജനം ഉണ്ടായില്ലെങ്കിൽ ഇപ്പോൾ അതുകൊണ്ട് സാധിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അതുകൊണ്ട് തന്നെ വരും നാളുകളിലെ കസ്റ്റംസിന്‌റെയും മറ്റ് ഏജൻസികളുടെയും നീക്കങ്ങൾ സംസ്ഥാനം ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട് കാര്യങ്ങൾ.