തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകി.

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉൾപ്പടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ജെസിബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.