തൃശൂർ: തൃശ്ശൂർ കോർപ്പറേഷന് പിടിക്കാൻ ബിജെപി ഇക്കുറി ശക്തമായ മത്സരത്തിനാണ് ഇറങ്ങിയത്. അതിന് ഉതകുന്ന വിധത്തിലുള്ള മുന്നേറ്റവും ബിജെപി കാഴ്‌ച്ചവെച്ചു. എന്നാൽ, കോർപ്പറേഷൻ ഭരണം പിടിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും വിജയിച്ചവരുടെ കൂട്ടത്തിൽ ചില ശ്രദ്ധേയ സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. തൃശൂർ കോർപറേഷനിലെ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള വർമ കോളേജിലെ ഡോ. വി. ആതിരയും വിജയിച്ചു.

ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ആതിര വിജയിച്ചത്. 583 വോട്ടിനാണ് അതിര വിജയിച്ചത്. പൂങ്കുന്നം, പാട്ടുരായ്ക്കൽ,തേക്കിൻകാട്, കോട്ടപ്പുറം, കൊക്കാല എന്നിവാർഡുകളിലാണ് ബിജെപി വിജയിച്ചത്. മൂന്നു വാർഡുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോർപറേഷനിലെ അൻപത്തിയഞ്ചു ഡിവിഷനുകളിൽ ആറിടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചു കയറിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ പതിനെട്ടു ഡിവിഷനുകളിൽ ബിജെപി. നടത്തിയ മുന്നേറ്റത്തിലാണ് പ്രതീക്ഷ. കോർപറേഷന്റെ നാൽപത്തിയാറു ഡിവിഷനുകളിൽ ബിജെപി സ്ഥാനാർത്ഥികളും ഒൻപതിടത്ത് ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്.

സംഘപരിവാർ സഹയാത്രികയായ ഡോ. വി ആതിര നേരത്തെ ശ്രദ്ധ നേടിയത് മഹിളാ മോർച്ച നടത്തിയ സമരത്തിലായിരുന്നു. ദീപാ നിശാന്തുമായി സോഷ്യൽ മീഡിയയിൽ കോർത്തതായിരുന്നു ഇദ്ദേഹത്തെ വിവാദത്തിൽ ചാടിച്ചത്. കേരള വർമ്മയിലെ ഹിന്ദി അദ്ധ്യാപികയായ ആതിര ഹിന്ദി അദ്ധ്യാപികയായിരുന്നു. അന്നത്തെ വിവാദം ഇങ്ങനയായിരുന്നു: ദീപാ നിശാന്ത് ഇട്ട പോസ്റ്റിന് ആതിര മറുപടിയുമായി രംഗത്തുവരികയായിരുന്നു. മഹിളാ മോർച്ചക്കാരെ കൊട്ടിക്കൊണ്ടായിരുന്നു ഈ ഫേസ്‌ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അദ്ധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് എന്നുമായിരുന്നു ദീപാ നിശാന്തിന്റെ വാക്കുകൾ.

ഇതിന് ചുട്ട മറുപടിയായിരുന്നു ഡോ. വി ആതിരയും നൽകിയത്. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവർത്തക ആയിരുന്നു. സുഷമ സ്വരാജ്, നിർമല സീതാരാമൻ തുടങ്ങിയ കുലസ്ത്രീകൾ തന്നെയാണ് മാതൃകകൾ..കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവർത്തകർക്കും കുട്ടികൾക്കും അറിയാം. കുട്ടികൾക്കു അറിയില്ലെങ്കിൽ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന സഹപ്രവർത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല. ഇന്നലെ നടന്ന മാർച്ചു കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അദ്ധ്യാപക സുഹൃത്താണെന്നും പറഞ്ഞായിരുന്നു വി ആതിരയുടെ പോസ്റ്റ്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.