കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ ജീവിക്കാനാകാത്ത ഭർത്താവിനെയും രണ്ട് മക്കളെയും ചേർത്ത് പിടിച്ച കല എന്ന യുഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള യൂത്ത് മഹിളാ കോൺ​ഗ്രസ് നേതാവ് ഷംല നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പന്മന പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കലയുടെ ജീവിതവും സ്നേഹവും ത്യാ​ഗവുമെല്ലാം ഷംല തന്റെ പോസ്റ്റിൽ വിശദമാക്കുകയാണ്.

കുറവുകളിലും വീഴ്ചകളിലും കൂടെ ചേർത്തു നിറുത്തേണ്ട നല്ല സ്നേഹമാണ് ദാമ്പത്യം, ആ സ്നേഹത്തിന് ഈ ലോകം കണ്ട ഏറ്റവും വലിയ താളമുണ്ട്, അതെ, ഹൃദയമിടിപ്പിന്റെ താളമുണ്ട്, സ്നേഹത്തിന്റെ രാഗമുണ്ട്, കരുതലിന്റെ ശ്രുതിയുണ്ട്, പ്രതിബദ്ധതയുടെ ലയമുണ്ട്. ഇങ്ങനെയുള്ളവരാണ് നാടിന് മാതൃക- ഷംല നൗഷാദ് കുറിക്കുന്നു.

ഷംല നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

വീണുപോകുമ്പോൾ ഉറ്റവരെപോലും വിട്ടുകളയുന്ന വർത്തമാനകാലത്ത്,
ഈ വിജയ നിമിഷത്തിൽ,
നാം കണ്ടുപഠിക്കണം,
ഈ സ്നേഹത്തെ,
ഈ നന്മയെ...
നിങ്ങളറിയാൻ ഞാനിതിവിടെ കുറിക്കട്ടെ.....

പന്മന പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കല ചേച്ചിയെക്കുറിച്ച് ഞാനെന്റെ മുഖപുസ്തകത്തിൽ കുറച്ചു ദിവസം മുൻപ് എഴുതിയിരുന്നു...

ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം കഷ്ടപ്പാടിന്റെ കയത്തിൽ വീണപ്പോഴും തളരാതെ മുന്നോട്ട് നീങ്ങുന്ന കല ചേച്ചി, പ്രവാസിയായിരുന്ന ഭർത്താവ് കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ മുന്നോട്ട് പോകാത്ത അവസ്ഥ, രണ്ട് മക്കളുടെ പഠനം, ജീവിത പ്രശ്‍നങ്ങൾ...

ഇതിനിടയിൽ അപ്രതീക്ഷിതമായി ആർ.എസ്‌പിയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ 20 വർഷത്തെ ഉരുക്കുകോട്ടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം... പരീക്ഷിക്കാനും പരിഹസിക്കാനും എതിരാളികൾ മുതിർന്നപ്പോൾ നല്ലസമൂഹം ഒന്നടങ്കം ഒപ്പം നിന്നു, ഈ ഞാനും കല ചേച്ചിയോടൊപ്പം എത്തി...

കല ചേച്ചിയുടെ ഈ വിജയം ഏറെ ആഗ്രഹിച്ചിരുന്നു, ഒരു നിയോഗമെന്നപോലെ ഞാൻ ഈ വാർഡിലെ കൗണ്ടിങ് ഏജന്റായി, 6 ആം വാർഡിലെ ടേബിളിന് മുന്നിൽ കലചേച്ചിയുടെ തെരഞ്ഞെടുപ്പ് വിധി നിർണയിക്കുന്ന മേശയ്ക്കു മുന്നിൽ പ്രാർത്ഥനയോടെ നിന്ന നിമിഷങ്ങൾ... പടപടാ ഇടിക്കുന്ന നെഞ്ചിന്റെ ശബ്‌ദവും എന്റെ പരിഭ്രമവും ഒതുക്കിപിടിക്കാൻ ഞാൻ ഏറെ പ്രയാസപ്പെട്ടു... വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച ആ ഉജ്ജ്വല വിജയം...

എത്ര അടക്കിയിട്ടും സന്തോഷം കണ്ണീരായി, പിന്നെ വാർഡിലേക്ക്, അവിടെ പരസഹായമില്ലാതെ നടക്കുവാൻ സാധിക്കാതെ ചേച്ചിയുടെ പ്രിയപ്പെട്ടവൻ വേച്ചുവേച്ചു അടുക്കുമ്പോൾ ഓടിയടുത്ത കല ചേച്ചി, സ്നേഹ ബന്ധങ്ങളിൽ ദൈവം അടയാളപ്പെടുത്തി കൺമുന്നിൽ കണ്ട സുന്ദരനിമിഷം. തന്റെ പ്രിയപ്പെട്ടവന് എന്ത് വീഴ്‌ച്ച വന്നാലും അഗ്നിസാക്ഷിയായി ദൈവം കൂട്ടിച്ചേർത്ത ബന്ധത്തെ മുറുകെ പിടിക്കുന്ന കല ചേച്ചിയിൽനിന്ന് നമ്മളെല്ലാം ഒരുപാട് പഠിക്കുവാനുണ്ട്...

കുറവുകളിലും വീഴ്ചകളിലും കൂടെ ചേർത്തു നിറുത്തേണ്ട നല്ല സ്നേഹമാണ് ദാമ്പത്യം,
ആ സ്നേഹത്തിന് ഈ ലോകം കണ്ട ഏറ്റവും വലിയ താളമുണ്ട്, അതെ, ഹൃദയമിടിപ്പിന്റെ താളമുണ്ട്, സ്നേഹത്തിന്റെ രാഗമുണ്ട്, കരുതലിന്റെ ശ്രുതിയുണ്ട്, പ്രതിബദ്ധതയുടെ ലയമുണ്ട്, ഇങ്ങനെയുള്ളവരാണ് നാടിന് മാതൃക,
എന്റെ പ്രിയപ്പെട്ട കല ചേച്ചി, ഈ നന്മയുടെ പരകോടിയിൽ നിൽക്കുന്ന മാതൃകക്ക്,

ഒത്തിരി സ്നേഹത്തോടെ, ഒപ്പം നല്ല ആശംസകളോടെ,

സ്വന്തം സഹോദരി,
ഷംല നൗഷാദ്.