കോഴിക്കോട്: ഹനുമാൻ സേനയുടെ സംസ്ഥാന സമ്മേളനം കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന പോസ്റ്റർ വിവാദമാകുന്നു. എട്ടാമത് സംസ്ഥാന സമ്മേളനം കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്നാണ് ഹനുമാൻ സേനയുടെ പോസ്റ്റർ. കെ. സുധാകരന്റെ ചിത്രമടങ്ങിയ പോസ്റ്ററുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പോസ്റ്ററിൽ പറയുന്ന പ്രകാരം മാർച്ച് 26ന് കോഴിക്കോട് ടൗൺ ഹാളിലാണ് പരിപാടി നടക്കുന്നത്. മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ ആണ് പരിപാടിയുടെ അനുഗ്രഹ പ്രഭാഷണം.കെ. സുധാകരൻ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ഹനുമാൻ സേന അധ്യക്ഷൻ ഭക്തവൽസലൻ വ്യക്തമാക്കുന്നത്. അതേസമയം പരിപാടിയിൽ പോകുമെന്ന പ്രചാരണം വ്യാജമാണെന്നാണ് കെ. സുധാകരൻ പറഞ്ഞത്.