കട്ടക്ക്: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 149 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റൺസെടുത്തത്. 40 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്സ്‌കോറർ. കട്ടക്കിലെ പിച്ചിൽ ആദ്യം ബോൾ ചെയ്യാനുള്ള ദക്ഷിണാഫ്രിക്കൻ നായകന്റെ തീരുമാനം ശരിവച്ച ബൗളർമാരുടെ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളിൽ ഒതുക്കിയത്.

21 പന്തിൽ 30 റൺസുമായി അവസാന രണ്ടോവറിൽ തകർത്തടിച്ച ദിനേശ് കാർത്തിക്കിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആന്റിച്ച് നോർക്യ രണ്ട് വിക്കറ്റെടുത്തു.

തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓപ്പണർ ഋതുരാജ്ഗെയ്ക്വാദിനെ പുറത്താക്കി കഗിസോ റബാദ ഇന്ത്യയ്ക്ക് ഞെട്ടൽ സമ്മാനിച്ചു. നാല് പന്തിൽ നിന്ന് വെറും ഒരു റൺ മാത്രമെടുത്ത ഗെയ്ക്വാദിനെ റബാദ കേശവ് മഹാരാജിന്റെ കൈയിലെത്തിച്ചു.

ഗെയ്ക്വാദിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. ശ്രേയസ്സിനെ സാക്ഷിയാക്കി ഇഷാൻ കിഷൻ കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്നു. എന്നാൽ ഏഴാം ഓവറിലെ നാലാം പന്തിൽ കിഷനെ മടക്കി ആന്റിച്ച് നോർക്യെ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 21 പന്തിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 34 റൺസെടുത്ത കിഷനെ നോർക്യെ വാൻ ഡ്യൂസന്റെ കൈയിലെത്തിച്ചു. ശ്രേയസ്സിനൊപ്പം 45 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് കിഷൻ ക്രീസ് വിട്ടത്. കിഷന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി.

എന്നാൽ പന്തിന് പിടിച്ചുനിൽക്കാനായില്ല. അനാവശ്യ ഷോട്ട് കളിച്ച ഇന്ത്യൻ നായകൻ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് പന്തിൽ നിന്ന് അഞ്ചുറൺസെടുത്ത പന്തിനെ വാൻ ഡ്യൂസ്സൻ ക്യാച്ചെടുത്ത് പുറത്താക്കി. പന്തിന് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ആദ്യ പത്തോവറിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസാണ് നേടിയത്.

പന്തിന് പകരം വന്ന ഹാർദിക്കും നിരാശപ്പെടുത്തി. 12 പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമെടുത്ത ഹാർദികിനെ മികച്ച പന്തിലൂടെ വെയ്ൻ പാർനെൽ ക്ലീൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരും പുറത്തായി. ക്രീസിലുറച്ചുനിന്ന ശ്രേയസ്സിനെ ഡ്വെയ്ൻ പ്രിട്ടോറിയസ് ക്ലാസന്റെ കൈയിലെത്തിച്ചു. 35 പന്തുകളിൽ നിന്ന് രണ്ട് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 40 റൺസെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്. ഇതോടെ ഇന്ത്യ 98 ന് അഞ്ച് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചുവിക്കറ്റ് നഷ്ടമായതോടെ ദിനേശ് കാർത്തിക്കും അക്ഷർ പട്ടേലും ക്രീസിലൊന്നിച്ചു. പക്ഷേ അക്ഷർ പട്ടേലിന് പിടിച്ചുനിൽക്കാനായില്ല. വെറും 10 റൺസെടുത്ത താരത്തെ നോർക്യെ ക്ലീൻ ബൗൾഡാക്കി. അക്ഷർ പുറത്താകുമ്പോൾ ഇന്ത്യ 17 ഓവറിൽ 112 റൺസ് മാത്രമാണ് നേടിയത്. അവസാന ഓവറുകളിൽ കാർത്തിക്കിന് വേണ്ടപോലെ റൺസ് കണ്ടെത്താനായില്ല. കണിശതയോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ ബൗളർമാർ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ അവസാന ഓവറിൽ കാർത്തിക്ക് തകർത്തടിച്ചു. അവസാന ഓവറിൽ പിറന്ന 18 റൺസാണ് ഇന്ത്യൻ ടോട്ടൽ 148-ൽ എത്തിച്ചത്. കാർത്തിക്ക് 21 പന്തിൽ നിന്ന് 30 റൺസെടുത്തും ഹർഷൽ പട്ടേൽ ഒൻപത് പന്തിൽ നിന്ന് 12 റൺസ് നേടിയും പുറത്താവാതെ നിന്നു.