ന്യൂഡൽഹി: കോവിഡ് ഭീതിയിൽ പരിമിതമായി മാത്രമായിരുന്നു രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സാധാരണ പോലെ അതിഥികളും ഉണ്ടായിരുന്നില്ല. എന്നാൽ, അതീവ സുരക്ഷയിൽ തന്നെയായിരുന്നു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ആത്മനിർഭർ ഭാരത് പ്ദ്ധതി വഴി തദ്ദേശീയമായി കൂടുതൽ കാര്യങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തവേ ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലും നമുക്ക് അഭിമാനിക്കാവുന്ന കാര്യമുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സുരക്ഷാ കവചമൊരുക്കിയത് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺവേധ സംവിധാനമായിരുന്നു. മൈക്രോ ഡ്രോണുകളെ വരെ മൂന്നു കിലോമീറ്റർ ദൂരത്തുനിന്നു തിരിച്ചറിഞ്ഞു മരവിപ്പിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചത് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ്. 1-2.5 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യത്തെ ലേസർ ഉപയോഗിച്ചു വീഴ്‌ത്താനും ഇതിനു കഴിയും. ഞൊടിയിടയ്ക്കുള്ളിൽ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിഷ്‌ക്രിയമാക്കാനും കഴിയുന്ന സംവിധാനമാണ് ഇത്. പ്രധാനമന്ത്രിക്ക് പഴുതടച്ച സുരക്ഷ ഒരുക്കി നൽകുന്നതിൽ ഈ സംവിധാനം വിജയിക്കുകയും ചെയ്തു.

രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്കൻ മേഖലകളിൽ ഡ്രോണുകൾ ഉപയോഗിച്ചു നടത്തുന്ന ആക്രമണശ്രമങ്ങളെ തകർക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വിദൂരനിയന്ത്രിത ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്യുന്ന ഭീകരരർക്കു തടയിടാനാണ് ഈ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ മുഖ്യാതിഥി ആയിരുന്ന റിപ്പബ്ലിക് ദിന ചടങ്ങിലും ഈ ഡ്രോൺവേധ സംവിധാനം വിന്യസിച്ചിരുന്നു. അഹമ്മദാബാദിൽ ട്രംപ്-മോദി റോഡ്ഷോയ്ക്ക് സുരക്ഷ ഒരുക്കിയതും ഈ സംവിധാനം തന്നെ.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ രംഗത്തു വലിയ നിർമ്മാണങ്ങൾക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആഭ്യന്തര മൂലധന സംഭരണത്തിനായി ബജറ്റിൽ 52,000 കോടി രൂപ മാറ്റിവെച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. പ്രതിരോധ മേഖലയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തും. 101 പ്രതിരോധ ഉത്പന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 മുതൽ 2024 വരെ പ്രതിരോധ ഇറക്കുമതി നയം തുടരും.

സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് കരുത്ത് പകരാനുള്ള പദ്ധതികളാണ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. റഡാറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രാജ്യത്ത് നിർമ്മിക്കും. ആർട്ടിലറി തോക്കുകളും സായുധ പോരാട്ട വാഹനങ്ങളും റഡാറുകളും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളാണ് രാജ്യത്ത് നിർമ്മിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 4 ലക്ഷം കോടിയുടെ ഉത്പന്നങ്ങളാണ് രാജ്യത്ത് നിർമ്മിക്കുക. 106 ചെറുവിമാനങ്ങളടക്കം വിവിധ പിരശീലന ഉപകരണങ്ങൾ വാങ്ങാൻ വ്യോമസേനയ്ക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. ആകെ 8,722 കോടിയുടെ സാമഗ്രഹികൾ വാങ്ങാനാണ് അനുമതി നൽകിയിട്ടുള്ളത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിൽ നിന്നാണ് വിമാനങ്ങൾ വാങ്ങുക.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കിസ് ലിമിറ്റഡ് പരിശീലന പരിപാടികൾക്ക് യോജിച്ച അടിസ്ഥാന സൗകര്യമുള്ള വിമാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതിന്റെ സർട്ടിഫിക്കേഷൻ പ്രക്രിയ നടന്നുവരുന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യം 70 വിമാനങ്ങൾ വാങ്ങുകയും പിന്നീട് 36 എണ്ണം സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം വ്യോമസേനയിലേക്ക് കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നാവിക സേനയുടെ പോരാട്ട വീര്യം വർധിപ്പിക്കുന്നതിനായി സൂപ്പർ റാപിഡ് ഗൺമൗണ്ട് വാങ്ങാനും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. ഇത് ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളിൽ ഘടിപ്പിക്കും. ഭാരത് ഹെവി ഇലക്ട്രിക്കലിനാണ് ഇതിന്റെ കരാർ. ഈ സംവിധാനം ഉപയോഗിക്കുകയാണെങ്കിൽ നേവിക്ക് കൂടുതൽ ദൂരെക്ക് വെടിയുതിർക്കാനും മിസൈൽ വിക്ഷേപിക്കാനും കഴിയും.