പത്തനംതിട്ട: ജവാൻ മദ്യനിർമ്മാണം പുനരാരംഭിക്കൽ ഇനിയും വൈകിയേക്കുമെന്ന് സൂചന. സ്പിരിറ്റിലെ പൊടിപടലങ്ങളാണ് ഇത്തവണ പ്രതിസന്ധി സൃഷ്ടിക്കുന്നത്.രണ്ടാഴ്ചയായി നിലച്ച ജവാൻ മദ്യ ഉത്പാദനത്തിൽ തലവേദനയാകുകയാണ് ഈ പ്രതിസന്ധി.ബ്ലെൻഡ് ചെയ്ത് ടാങ്കിൽ സൂക്ഷിച്ച 1.75 ലക്ഷം ലിറ്റർ സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തി. ഇതോടെ ഇത്രയധികം സ്പിരിറ്റ് ഉപയോഗ യോഗ്യമാക്കാൻ വീണ്ടും അരിച്ചെടുക്കാനാണ് എക്സൈസിന്റെ നിർദ്ദേശം.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് അൻഡ് കെമിക്കൽസിൽ സ്പിരിറ്റ് തിരിമറിയെ തുടർന്ന് ഇവിടെ മദ്യ നിർമ്മാണം നിലച്ചിട്ട് രണ്ട് ആഴ്ചയിലേറെയായിരുന്നു. ഈ പ്രശ്‌നത്തിന് ശേഷം പുനർനിർമ്മാണം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിനിടെയാണ് പൊടിപടലങ്ങൾ വില്ലനായത്. മദ്യം കുപ്പികളിൽ നിറയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ കെമിക്കൽ പരിശോധനയിലാണ് സ്പിരിറ്റിൽ പൊടിപടലങ്ങൾ കണ്ടെത്തിയത്. ഈ സ്പിരിറ്റ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലെന്നാണ് വ്യാഴാഴ്ച ലഭിച്ച പരിശോധന ഫലത്തിൽ പറയുന്നത്.

അതേസമയം ആദ്യ പരിശോധ ഫലം പ്രതികൂലമായ ഘട്ടത്തിൽ രണ്ടാമത് നടത്തിയ പരിശോധനയിൽ അനുകൂല ഫലമാണ് ലഭിച്ചതെന്ന നിലപാടിലാണ് ബീവറേജ് കോർപ്പറേഷൻ. എന്നാൽ ടാങ്കുകളിൽ സൂക്ഷിച്ച ബ്ലെൻഡ് ചെയ്ത സ്പിരിറ്റ് അരിച്ചെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയക്കണം. ഇതിന്റെ ഫലം അനുകൂലമായാൽ മാത്രമേ മദ്യം കുപ്പികളിൽ നിറയ്ക്കാനും പുതിയ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നൽകുകയുള്ളുവെന്നാണ് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നത്.

രണ്ട് തവണയായി ലഭിച്ച പരിശോധന ഫലം വ്യത്യസ്തമായതിനാൽ അനുകൂലമായ ഫലം മാത്രം മുഖവിലക്കെടുക്കാനാകില്ലെന്നും സ്പിരിറ്റ് വീണ്ടും അരിച്ചെടുത്ത് പരിശോധനയ്ക്ക് അയക്കണമെന്നുമുള്ള വിശദീകരണമാണ് എക്സൈസ് നൽകുന്നത്.