ഫിലാഡൽഫിയ: ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ ഫിലാഡൽഫിയയിലെ കല മലയാളി അസോസിയേഷൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം ഓണം ആഘോഷിച്ചു. കലയുടെ 43 വർഷത്തെ ചരിത്രത്തിൽ ഇദംപ്രഥമമായാണ് വേദിയും സദസ്സുമില്ലാതെ വേറിട്ടൊരു ഓണാഘോഷം നടക്കുന്നത്. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ സ്വജീവൻ പണയപ്പെടുത്തി സഹജീവികളുടെ പരിരക്ഷയ്ക്കും പരിചരണത്തിനുമായി ആതുര ശുശ്രൂഷ ചെയ്യുന്ന ഫിലാഡൽഫിയയിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിച്ച് ഭാരതീയ ഭക്ഷണം എത്തിച്ച് ഓണത്തിന്റെ സന്തോഷവും സാഹോദര്യവും അറിയിച്ചുകൊണ്ടായിരുന്നു ഇക്കുറി കലയടെ ഓണാഘോഷം. ഭാഷയുടേയും വർണ്ണത്തിന്റേയും സംസ്‌കാരത്തിന്റേയും അതിർവരമ്പുകളില്ലാതെ ഫിലഡൽഫിയയിലെ ആരോഗ്യ പ്രവർത്തകർ കലയുടെ ഉദ്യമത്തേയും ഉപഹാരത്തേയും സഹർഷം ഏറ്റുവാങ്ങി.

കല വൈസ് പ്രസിഡന്റ് ഷാജി മിറ്റത്താനി, കമ്മിറ്റി മെമ്പർ ജോർജ് വി. ജോർജ് എന്നിവരുടെ പ്രത്യേക താത്പര്യപ്രകാരം പ്രസിഡന്റ് ഡോ. ജയ്മോൾ ശ്രീധറിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി രൂപംകൊടുത്ത പദ്ധതിയാണ് 'ഓണറിങ് ഓൺ ഓണം'. ജോയി കരുമത്തി, ജോണി കരുമത്തി, ജോജോ മുണ്ടയ്ക്കത്തറപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കലയുടെ സന്നദ്ധ പ്രവർത്തകർ ഭക്ഷണം തയാറാക്കുവാൻ അണിനിരന്നു. ഓഗസ്റ്റ് 29നു ശനിയാഴ്ച രാവിലെ 11.30നു മുൻ ഫോമാ പ്രസിഡന്റ് ജോർജ് മാത്യു സിപിഎ ഫൽഗ് ഓഫ് ചെയ്തതോടെ ഭക്ഷണം നിറച്ച വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടു. കലയുടെ ഈ ഉദാത്ത മാതൃക അഭിനന്ദനീയവും, അനുകരണീയവുമാണെന്നു തന്റെ സന്ദേശത്തിൽ ജോർജ് മാത്യു പ്രസ്താവിച്ചു.

തോമസ് ചാക്കോ, ജയിംസ് ജോസഫ്, ജിമ്മി ചാക്കോ, സുജിത്ത് ശ്രീധർ, സേവ്യർ മൂഴിക്കാട്ട്, സണ്ണി പടയാറ്റിൽ, ബെന്നി ജേക്കബ്, സന്തോഷ് കുര്യൻ, ജയിംസ് വരിക്കപ്പള്ളിൽ എന്നിവർ വിവിധ ചുമതലകൾക്ക് നേതൃത്വം നൽകി.

ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, നസറത്ത് ഹോസ്പിറ്റൽ, ഐവി ഹിൽ നഴ്സിങ് ഹോം, അബിങ്ടൺ ജെഫേഴ്സൺ ഹോസ്പിറ്റൽസ് എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷണവിതരണം ഏകോപിപ്പിച്ചത് കല വിമൻസ് ഫോറം ചെയർ ജയ്ബി ജോർജ് ആയിരുന്നു. പൊതു സമൂഹത്തിൽ നിന്നു വിഭവസമാഹരണം നടത്താതെ സാമ്പത്തിക ക്രമീകരണം നടത്തുവാൻ ട്രഷറർ ജേക്കബ് ഫിലിപ്പ് ജാഗ്രത പുലർത്തി.

കല യൂത്ത് ഫോറം കോർഡിനേറ്റർ ജെറി പെരിങ്ങാടിന്റെ നേതൃത്വത്തിൽ തയാറാക്കിയ വിർച്വൽ ഓണം സെലിബ്രേഷൻ വീഡിയോ യുട്യൂബിലും ഇതര സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികൾക്കുള്ളിൽ കലയിലെ കലാകാരന്മാർ നടത്തിയ പരിശ്രമം നന്ദിപൂർവ്വം അഭിനന്ദനം അർഹിക്കുന്നുവെന്നു പ്രസിഡന്റ് ജയ്മോൾ ശ്രീധർ അറിയിച്ചു.

ജനറൽ സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. സാമൂഹിക അകലമില്ലാതെ സമൂഹമൊന്നിച്ച് ഓണം ആഘോഷിക്കുന്ന കാലം എത്രയും പെട്ടെന്നുതന്നെ ഉണ്ടാകട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'ഓണറിങ് ഓൺ ഓണം' പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിച്ച കലയുടെ എല്ലാ പ്രവർത്തകർക്കും, അതോടൊപ്പം എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജോയിന്റ് സെക്രട്ടറി ജയിംസ് കുരുവിള കൃതജ്ഞത പ്രകാശിപ്പിച്ചു.