കണ്ണൂർ: മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിലായതിനെ തുടർന്ന് പൊലിസ് ജാഗ്രത ശക്തമാക്കുന്നു. മാവോയിസ്റ്റ്  ഭീഷണി നേരിടുന്ന കർണാടകയിലെ വനാതിർത്തിയിലെ പൊലിസ് സ്റ്റേഷനുകളൻിൽ ജാഗ്രത ശക്തമാക്കാനും നഗരങ്ങളിൽ ഉൾപ്പെടെ വാഹനപരിശോധന നടത്താനും സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ, കേളകം, കൊട്ടിയൂർ, പയ്യാവൂർ പൊലിസ് സ്റ്റേഷനുകളിലാണ് നിലവിൽ മാവോവാദി ഭീഷണി നിലനിൽക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൊലിസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ നഗരത്തിലും മാവോവാദി നേതാവ് ഗൗതമെന്ന രാഘവേന്ദ്രയുടെ സാന്നിധ്യമുണ്ടായത് പൊലിസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ വളപട്ടണം പൊലിസ് സ്റ്റേഷനിലെ പാപ്പിനിശേരിയിൽവച്ചാണ് വാഹനപരിശോധനയ്ക്കിടെ ്രഹസ്യവിവരം ലഭിച്ചതനുസരിച്ചു ഗൗതം പിടിയിലാകുന്നത്. മാവോവാദി സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയംഗമാണ് ഗൗതം. ഇയാൾ കഴിഞ്ഞ ഒൻപതുവർഷക്കാലമായി കേരളത്തിലുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2017-ൽ അറസ്റ്റിലായ കാളിദാസിലൂടെയാണ് ഗൗതം കേരളത്തിലുണ്ടെന്ന വിവരം പൊലിസിന് ലഭിക്കുന്നത്.

തമിഴ്‌നാട്ടിൽ മാവോവാദി പ്രവർത്തന പശ്ചാളത്തലമില്ലാത്ത ഗൗതം കേരളത്തിൽ സംഘടനയുമായി ബന്ധപ്പെട്ട നിർണായക കാര്യങ്ങളിൽ ഇടപെട്ടുവെന്നാണ് വിവരം. ഒളിപോരാളിയായ ഗൗതമിനെ അർബൻ കമ്മിറ്റിക്കു കീഴിലെ കൂറിയറായും ഉപയോഗിച്ചിട്ടുണ്ട്. നിലമ്പൂരിൽ മാവോവാദികളുമായി പൊലിസ് ഏറ്റുമുട്ടലിനു മുന്നോടിയായ വരയന്മലയിൽ ചേർന്ന രഹസ്യയോഗത്തിലും ഇയാൾ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. 2016 നവംബർ 24ന് ചേർന്ന ഏറ്റുമുട്ടലിന് ശേഷമാണ് ഗൗതം അർബൻ കമ്മിറ്റിയുടെ ഭാഗമാകുന്നത്.

ഉൾവനങ്ങളിലെ മാവോവാദി ഒളിത്താവളങ്ങളെ കുറിച്ചു കൃത്യമായി അറിവുള്ള ഗൗതത്തെ ചോദ്യം ചെയ്യുന്നതിലൂടെ കേരളത്തിലെ മാവോയിസ്റ്റ് താവളങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലിസ് പറയുന്നത്. സംഘടനയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനും അവരെ മാവോവാദി ആശയങ്ങൾ പഠിപ്പിക്കുന്നതിനുമാണ് ഗൗതം കേരളത്തിലെത്തുന്നതെന്നാണ് പൊലിസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ മറ്റൊരുു പേരിൽ ഇയാൾ സാന്നിധ്യമുറപ്പിച്ചിരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്.വരയന്മലയിൽ നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ഗൗതം പ്രതിയാണെന്നാണ് പൊലിസ് പറയുന്നു.

കേരളത്തിൽ നിലമ്പൂർ കാട്ടിൽ മാവോവാദി ദിനമാചരിക്കുകയും ആയുധപരിശീലനം നടത്തുകയും ചെയ്ത കേസാണ് ഇയാൾക്കെതിരെയുള്ളതെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. 2017-ലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേൽമുരുകൻ, അജിത എന്നിവർ ഉൾപ്പെടെ 19 പേരാണ് ഈ കേസിലെ പ്രതികൾ. ഗൗതത്തിന്റെ കൂടെ പിടിയിലായ വയനാട് സ്വദേശിക്കും ഡ്രൈവർക്കും മാവോവാദി ബന്ധമുണ്ടെന്നു ഇതുവരെ പൊലിസിന് വിവരം ലഭിച്ചിട്ടില്ല. ഇവർക്കു മറ്റു ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നുംപൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.

എൻ.ഐ.എ കേസ് ഏറ്റെടുത്ത പശ്ചാത്തലത്തിൽ വടക്കെ മലബാറിൽ ഗൗതത്തിന്റെ പ്രവർത്തനങ്ങൾഇനി അവരാണ് അന്വേഷിക്കുക. കണ്ണൂരിലെ ഉന്നതനേതാക്കൾക്കും ചില ഉദ്യോഗസ്ഥർക്കും മാവോവാദി ഭീഷണിയുണ്ടെന്നു നേരത്തെ കേന്ദ്രരഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടു നൽകിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് നിലമ്പൂർ വെടിവയ്‌പ്പിനു പ്രതികാരം ചെയ്യാൻ മാവോവാദികളൊരുങ്ങുന്നുവെന്ന വിവരം ചോർന്നത്. മാവോവാദികളുടെ പ്രവർത്തനം ഉൾവനത്തിലാണെന്നു പൊതുവേ കരുതുമ്പോഴും ഇവരുടെ സാന്നിധ്യം നഗരങ്ങളിലുണ്ടാകുന്നതാണ് പൊലിസിനെ കുഴയ്ക്കുന്ന ഒരു പ്രശ്നം.കണ്ണൂരിലുൾപ്പെടെ മാവോവാദി ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനുള്ള നീക്കമാണ് വരും ദിനങ്ങളിൽ പൊലിസ് നടത്തുക.