തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവർത്തകർ ഉൾപ്പെടെ അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡുള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നഴ്സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.

മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

അവശ്യവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം എന്നും ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു.

ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പൊലീസിന്റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതിൽ 15,761 പേർക്ക് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. അപേക്ഷകൾ തീർപ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇപാസ് നൽകുന്ന കേരള പൊലീസിന്റെ  pass.bsafe.kerala.gov.in വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചിരുന്നു. വെബ്‌സൈറ്റിൽ 'Pass'  എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. സൈബർഡോം നോഡൽ ഓഫിസർ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്.

വിവരങ്ങൾ പൊലീസ് കൺട്രോൾ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകും. യാത്രക്കാർക്ക് അപേക്ഷയുടെ സ്റ്റാറ്റസ് വെബ്സൈറ്റിൽനിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാം. അനുമതി ലഭിച്ചതായ യാത്രാപാസ് ഡൗൺലോഡ് ചെയ്‌തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാം. യാത്രാവേളയിൽ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പൊലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായ യാത്രകൾക്കു മാത്രവും പാസ്സിന് അപേക്ഷിക്കാം.

പൊതുജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും വാക്സീൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാം. അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുവാൻ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചിരുന്നു.