കൊൽക്കത്ത: കോവിഡ് കാലമായതോടെ പട്ടിണിയിലേക്ക് ജീവിതം തള്ളപ്പെട്ടവരിൽ വലിയൊരു വിഭാഗമാണ് ലൈംഗിക തൊഴിലാളികൾ. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവെന്ന് അറിയപ്പെടുന്ന സോനാഗച്ചിയിൽ ഇന്ന് 80 ശതമാനവും ലൈംഗിക തൊഴിൽ ചെയ്ത് കഴിയുന്നവരാണ്. കഴിഞ്ഞ മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെയാണ് ഇവർക്ക് വരുമാനം നഷ്ടമായത്. കടക്കെണിയിലായതോടെ പലരും പണം പലിശയ്ക്കു കൊടുക്കുന്നവരിൽ നിന്നു വായ്പയെടുത്താണ് ജീവിക്കുന്നത്.

എന്നാൽ ലോക്ഡൗൺ നീളുകയും വരുമാനം ലഭിക്കാൻ മറ്റൊരു മാർഗവും ഇല്ലാതിരിക്കുകയും ചെയ്തതോടെ അനിശ്ചിതമായ ഭാവിയാണ് ഇവരെ കാത്തിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ഭൂരിപക്ഷം ലൈംഗിക തൊഴിലാളികളും തങ്ങളുടെ സ്ഥിരം തൊഴിൽ വിട്ട് മറ്റൊരു ജോലിക്കു ശ്രമിക്കുകയാണെങ്കിലും കടക്കെണിയാണ് ഇപ്പോൾ അവരെ തടയുന്നത്.കടക്കെണിയിലായ 89 ശതമാനം ലൈംഗികത്തൊഴിലാളികളിൽ 81 ശതമാനം പേരും പണം വായ്പ വാങ്ങിച്ചിരിക്കുന്നത് പ്രാദേശിക ആൾക്കാരിൽനിന്നാണ്. അവരിൽ പണം പലിശയ്ക്കു നൽകുന്നവരും മനുഷ്യക്കടത്തിൽ ഏർപ്പെട്ടിരിക്കുന്നവരും എല്ലാമുണ്ട്. ഇപ്പോൾ ഇവരുടെ ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നാണ് പല തൊഴിലാളികളും ചിന്തിക്കുന്നത്.

ഏകദേശം 7000 -ൽ അധികം ലൈഗിക പ്രവർത്തകർ സോനാഗാച്ചിയിൽ ഉണ്ടെന്നാണു കണക്ക്. ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇവർക്കു ജോലിയില്ല. ജൂലൈയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സോനാഗാച്ചിയിൽ 65 ശതമാനം ജോലിയും പുനരാംരംഭിച്ചു. എന്നാൽ കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ തങ്ങളുടെ സ്ഥിരം തൊഴിൽ ചെയ്യാൻ പല ലൈംഗികത്തൊഴിലാളികൾക്കും ധൈര്യമില്ല. സംസ്ഥാന സർക്കാരാകട്ടെ ഇവർക്കു വേണ്ടി ഒരു സഹായവും നൽകുന്നുമില്ല.

ലൈംഗിക തൊഴിലാളികളികളുടെ നേതൃത്വത്തിൽ സോനാഗാച്ചിയിൽ ഒരു സഹകരണ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലരും ഈ ബാങ്കിൽ അംഗങ്ങളല്ല. പലരുടെ കയ്യിലും രേഖകളൊന്നുമില്ലാത്തതിനാൽ ബാങ്കിൽ പോകുന്നതിനുപകരം ഇവർ അതാതു പ്രദേശങ്ങളിൽ കൂടുതൽ പലിശയ്ക്കു പണം കടം കൊടുക്കുന്നവരെയാണ് ആശ്രയിക്കുന്നത്. ലൈംഗിക തൊഴിലാളികൾ ജീവിക്കാൻ വേണ്ടി ബുദ്ധിമുട്ടുകയാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യാൻ തയാറാണെന്നും വനിതാ ശിശു ക്ഷേമ മന്ത്രി സശി പാഞ്ച പറഞ്ഞു. പലർക്കും സൗജന്യ റേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ സഹായം അപര്യാപ്തമായ സാഹചര്യത്തിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലൈംഗിക തൊഴിലാളികളെ സഹായിക്കാൻ ബദൽ മാർഗ്ഗം കണ്ടെത്തണമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്.