കോട്ടയം: ഭരണമുറപ്പിച്ചിരുന്ന ഇടത് മുന്നണിക്ക് തിരിച്ചടിയായി കോട്ടയം ന​ഗരസഭയിലെ കോൺ​ഗ്രസ് വിമതയുടെ നിലപാട്. യുഡിഎഫിനെ പിന്തുണയ്ക്കാൻ കോൺ​ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ തീരുമാനിച്ചതോടെയാണ് ന​ഗരസഭാ ഭരണമെന്ന ഇടത് മോ​​​ഹത്തിന് മുകളിൽ കരിനിഴൽ വീണിരിക്കുന്നത്. ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തിയാണ് തന്റെ പിന്തുണ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബിൻസി സെബാസ്റ്റ്യൻ കോൺ​ഗ്രസിനെ പിന്തുണച്ചതോടെ ഉറപ്പായി ലഭിക്കും എന്ന് കരുതിയിരുന്ന ന​ഗരസഭാ ഭരണം ഇടത് മുന്നണിക്ക് കയ്യാലപ്പുറത്തെ തേങ്ങയുടെ സ്ഥിതിയിലായി. സ്വതന്ത്രയുടെ പിന്തുണ ഉറപ്പിച്ചെങ്കിലും കോൺ​ഗ്രസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇതോടെ ഇരുമുന്നണികൾക്കും ന​ഗരസഭയിൽ 22 അംഗങ്ങൾ വീതമായി. നഗരസഭ ആരു ഭരിക്കുമെന്നത് ടോസിട്ട് തീരുമാനിക്കേണ്ട അവസ്ഥായണ് ഇപ്പോഴുള്ളത്.

വിമുക്തഭടൻ കറുകച്ചാൽ നെടുംകുന്നം പുതുപ്പറമ്പിൽ ജോയിച്ചന്റെയും ജ്യോത്സ്യനാമ്മയുടെയും മകളാണ് ബിൻസി.നഴ്സായി നാട്ടിലും ഗൾഫിലും പ്രവർത്തിച്ചു. ഭർത്താവ് ചാമത്തറ ഷോബിനൊപ്പം ഷാർജയിലായിരുന്നു.നാട്ടിൽ വന്നിട്ട് 10 വർഷമായി. വിദ്യാർത്ഥികളായ ആൽബിനും എയ്ഞ്ചലീൻ ക്ലെയർ ഷോബിയും മക്കളാണ്. കോട്ടയം നഗരസഭ 52–ാം വാർഡിൽ (ഗാന്ധിനഗർ സൗത്ത്) നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചായിരുന്നു ബിൻസി വിജയിച്ചത്.

ആര് ചെയർപേഴ്സണ സ്ഥാനം നൽകുമോ അവരെ പിന്തുണക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ഉള്ള നിലപാട്. 'നഗരസഭയിൽ ഏതെങ്കിലും ഒരു മുന്നണിയെ പിൻതുണയ്‌ക്കണമെങ്കിൽ അ‌ഞ്ചു വർഷവും അദ്ധ്യക്ഷ സ്ഥാനം എനിക്കു നൽകണം. അതാണ് പ്രവർത്തകരുടെ വികാരം. വിവിധ രാഷ്‌ട്രീയ നേതാക്കൾ ചർച്ചയ്‌ക്ക് വന്നെങ്കിലും അവരോടെല്ലാം ഇതാണ് പറഞ്ഞത്. നഗരസഭയുടെയും വാർഡിന്റെയും നാടിന്റെയും വികസനത്തിന് ഒരാൾ തന്നെ ഭരണം നടത്തുന്നതാണ് നല്ലത്. രണ്ടു ദിവസത്തിനുള്ളിൽ വാർഡിലെ പ്രവ‌ർത്തകരുടെ യോഗം വീണ്ടും ചേരുന്നുണ്ട്. അതിൽ അന്തിമ തീരുമാനം എ‌ടുക്കും."- കഴിഞ്ഞ ദിവസം ബിൻസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചെയർപേഴ്സൺ സ്ഥാനം അടക്കം ഇതിനായി വാഗ്ദാനം ചെയ്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും അടക്കം മുതിർന്ന നേതക്കൾ നേരിട്ട് ഇടപെട്ടാണ് കോൺഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് സൂചന.

അഞ്ച് വർഷം ചെയർപേഴ്സൻ സ്ഥാനം കിട്ടിയാൽ മാത്രമെ .യുഡിഎഫിനെ പിന്തുണയ്ക്കു എന്ന് അറിയിച്ചിട്ടുണ്ടെന്നാണ് ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആകെ 52 സീറ്റുകളുള്ള നഗരസഭയിൽ എൽഡിഎഫിന് 22 ഉം യൂഡിഎഫിന് 21 സീറ്റുകളുമാണുള്ളത്. എൻഡിഎ 8 സീറ്റുകളും നേടി.