തൃശൂര്‍: തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ടൂവീലര്‍ സ്പെയര്‍പാര്‍ട്സ് ഗോഡൗണില്‍ വന്‍തീപിടിത്തം. ഒരാള്‍ മരിച്ചു. നാലു പേര്‍ ഓടി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി നിബിന്‍ ആണു മരിച്ചത്. ഇയാള്‍ വെല്‍ഡിങ് തൊഴിലാളിയാണ്.

തീ പടര്‍ന്ന സമയത്തു ശുചിമുറിയില്‍ അകപ്പെട്ടു പോയ നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്‌നിശമനസേന പറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതി ചെയ്തു സൂക്ഷിച്ച ഗോഡൗണ്‍ മുഴുവന്‍ കത്തിനശിച്ചു. ഗോഡൗണില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലായിരുന്നെന്നാണു സൂചന.കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടുകൂടിയാണ് തീപ്പിടത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. വടക്കാഞ്ചേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ആദ്യം സ്ഥലത്തെത്തിയത്. പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം അഗ്‌നിരക്ഷാസേനയെത്തി. എട്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ല.

തീപ്പിടിത്തമുണ്ടാകുമ്പോള്‍ ഗോഡൗണിലുണ്ടായിരുന്ന മറ്റുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടെങ്കിലും വെള്ളമെടുക്കാനായി ശുചിമുറിയില്‍ പോയതിനാല്‍ തീപ്പിടിത്തം നിബിന്‍ അറിഞ്ഞിരുന്നില്ല. മഴ പെയ്തിട്ടും തീ പൂര്‍ണമായും അണയ്ക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാലാണു തീ ആളിക്കത്തിയതെന്നാണു സൂചന. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി.