തിരുവനന്തപുരം: ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ചുമതലയേല്‍ക്കും. അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതി തീരുമാനിച്ചു. ശുപാര്‍ശ ഗവര്‍ണര്‍ക്കു കൈമാറും. ഗവര്‍ണര്‍ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാല്‍ ചുമതലയേല്‍ക്കാം. നിലവില്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്.

ചെങ്ങന്നൂര്‍ സ്വദേശിയായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കഴിഞ്ഞ സെപ്റ്റംബര്‍ 4നാണു ഹൈക്കോടതിയില്‍നിന്നു വിരമിച്ചത്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. 2014 ല്‍ ഹൈക്കോടതി ജഡ്ജിയായി. കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിരുന്നു.