കോഴിക്കോട്: തിരുവമ്പാടിയില്‍ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി. വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകള്‍. തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വലിയ തോതിലുള്ള സംഘര്‍ഷത്തിലേക്ക് പ്രതിഷേധം നീങ്ങവെ നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.

കെ.എസ്.ഇ.ബി. ഓഫീസ് അക്രമിച്ച പ്രതി അജ്മലിന്റെ പിതാവിന്റെ വീടിന് സമീപത്തു നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. കെ.എസ്.ഇ.ബി. ഓഫീസിന് മുമ്പില്‍ പോലീസ് തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. ചിലര്‍ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് കടക്കാനും ശ്രമം നടത്തി.

അതിനിടെ കെ എസ് ഇ ബി ഇങ്ങനെ ഫ്യൂസ് ഊരിയാല്‍ പൊതുജനങ്ങളെ മുന്‍നിര്‍ത്തി ഞങ്ങളും ഫ്യൂസ് ഊരുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇങ്ങനെ പറയേണ്ടിവരുന്നത് ഭീഷണി അല്ലെന്നും ഗതികേട് ആണെന്നും മാങ്കൂട്ടത്തില്‍ വിവരിച്ചു. ഓഫീസ് തല്ലിതകര്‍ത്തെന്ന് പറഞ്ഞ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തവര്‍, നിയമസഭ തല്ലിതകര്‍ത്ത ശിവന്‍കുട്ടിക്കെതിരെ എന്ത് നടപടി ആണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇനി കെ.എസ്.ഇ.ബി. ഓഫീസോ ഉദ്യോഗസ്ഥരെയോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്. റസാഖിന്റെ വീട്ടിലെ കറണ്ട് കട്ട് ചെയ്ത വിഷയത്തില്‍ പരിഹാരം കാണാനായി സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. റസാഖുമായും വീട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ച് താമരശ്ശേരി തഹസില്‍ദാര്‍ വീട്ടിലെത്തി. താമരശ്ശേരി തഹസില്‍ദാര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായും റസാഖിന്റെ കുടുംബവുമായും ചര്‍ച്ച നടത്തി.

ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് തഹസീല്‍ദാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഒപ്പ് വെക്കാന്‍ റസാക്കും കുടുംബവും തയ്യാറായില്ല. മക്കള്‍ ചെയ്ത അക്രമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു സത്യവാങ്മൂലം. റസാഖ് ഈ സത്യവാങ്മൂലത്തില്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്‌ന പരിഹാരം നീളുകയാണ്.

കണക്ഷന്‍ വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടി സപ്ലൈകോഡിന്റെ ലംഘനമാണെന്നാണ് ലഭിക്കുന്ന വിവരം. കുടിശ്ശിക തീര്‍ത്താല്‍ 24 മണിക്കൂറിനകം തന്നെ വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാണ്. വൈദ്യുതി വിച്ഛേദിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥയുണ്ട്. കെ.എസ്.ഇ.ബി. അത് ലംഘിച്ചു. ക്രിമിനല്‍ നടപടിയുടെ പേരില്‍ വൈദ്യുതി നിഷേധിക്കാന്‍ കെ.എസ്.ഇ.ബിക്ക് അവകാശമില്ല. തിരുവമ്പാടിയിലെ നടപടിയെ ന്യായീകരിക്കാന്‍ നേരത്തെ പത്തനംതിട്ടയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോയും കെ.എസ്.ഇ.ബി. പുറത്ത് വിട്ട് പ്രതിരോധം തീര്‍ത്തിരുന്നു.