കൊച്ചി: നിയമ ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ഥാര്‍' എന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 53 ലക്ഷം രൂപയുടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനകളില്‍ ഒറ്റത്തവണ ഈടാക്കിയ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നമ്പര്‍ പ്ലേറ്റുകള്‍, ലൈറ്റുകള്‍, ഹോണുകള്‍ എന്നിവ ഘടിപ്പിച്ച വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മന്ത്രി കെബി ഗണേഷ് കുമാറിന്റെ പിന്തുണ കരുത്തിലാണ് റെയ്ഡുകള്‍.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് (സെലന്‍സര്‍, ബംബര്‍, ടയര്‍, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍) 26,45,000, എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് (ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്) 18,0,4500, എ.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത ഹെഡ് ലൈറ്റുകള്‍ അല്ലാത്തവയ്ക്ക് (ഓട്ടോമോട്ടീവ് ഇന്‍ടുസ്ട്രി സ്റ്റാന്‍ഡേര്‍ഡ്) 8,54,000, നിരോധിത ഹോണ്‍ ഘടിപ്പിച്ചവയ്ക്ക് 42,000 രൂപ എന്നിങ്ങനെ 1,275 വാഹനങ്ങള്‍ക്കാണ് 53,45,500 രൂപ പിഴ ചുമത്തിയിരിക്കുന്നത്.

പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മഹീന്ദ്രാ ഥാറിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. കമ്പനി നല്‍കിയിരിക്കുന്ന മുന്‍വശത്തെ ബംബര്‍ ഇളക്കി മാറ്റി ഇരുമ്പിന്റെ ബംബറാക്കിയ വാഹനങ്ങളും അനധികൃതമായ ലൈറ്റുകള്‍ സ്ഥാപിച്ച വാഹനങ്ങളും പിടികൂടി. ഇരുമ്പിന്റെ ബംബര്‍ ഉപയോഗിക്കുന്നത് അപകട വ്യാപ്തി കൂട്ടുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാല്‍ നട യാത്രക്കാരെ ഇടിച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കും.

കമ്പനി നല്‍കുന്ന ഫൈബറിന്റെ ബംബറാണെങ്കില്‍ പരിക്കിന്റെ വ്യാപ്തി കുറയും. ഇത്തരത്തില്‍ രൂപ മാറ്റം വരുത്തിയിരിക്കുന്ന നിരവധി വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയിട്ടുണ്ട്. ആദ്യമായാണ് നിയമ ലംഘനം നടത്തുന്നതെങ്കില്‍ പിഴ കുറവാണ്. ആവര്‍ത്തിക്കുകയാണെങ്കില്‍ 10,000 രൂപയാണ് പിഴ. ഇത്തരത്തില്‍ നിരവധി തവണ നിയമ ലംഘനം നടത്തിയ ഫാസില്‍ എന്ന യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ധാക്കുകയും ഐ.ഡി.ടി.ആറില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്) പരിശീലനത്തിനും വിട്ടു. കൂടാതെ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ധ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ടൂ വീലറുകളില്‍ പ്രധാനമായും എച്ച്.എസ്.ആര്‍.പി നമ്പര്‍ പ്ലേറ്റ്, സൈലന്‍സര്‍, നമ്പര്‍ പ്ലേറ്റ് മറച്ച് വയ്ക്കുക, നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റുക തുടങ്ങിയവയാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. അമിതമായ ശബ്ദത്തോടെ വാഹനം ഓടിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് വരെ ഘാനീകരമാണ്. ഇത് കുട്ടികളില്‍ അമിതമായ ഭയം ജനിപ്പിക്കാനും മറ്റും കാരണമാകും. കൂടാതെ കുട്ടികളുടെ കര്‍ണപുടം തകരാനും ഇടയാക്കുമെന്നും പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളില്‍ സൈലന്‍സറുകള്‍ ഇളക്കി മാറ്റി കമ്പനി സൈലന്‍സറുകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റുകയും മറച്ചു വയ്ക്കുകയും ചെയ്യുന്നതും പതിവായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക്ക് ഉപയോഗിച്ച് മറച്ചു വച്ച ആല്‍ബിന്‍ ജോര്‍ജ്ജ് എന്ന യുവാവിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിച്ചു. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരുന്നില്ല. അതിനാല്‍ വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ധ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരമല്ലാത്ത (എ.ഐ.എസ്) ഹെഡ് ലൈറ്റുകള്‍ സ്ഥാപിച്ച നിരവധി വാഹനങ്ങളും പിടികൂടി. ഇവയെല്ലാം മാറ്റി നിയമ പ്രകാരമുള്ള ലൈറ്റുകള്‍ സ്ഥാപിക്കണമെന്നുള്ള നിര്‍ദ്ദേശം നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ എസ്. ശ്രീജിത്ത് ഐ.പി.എസിന് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എറണാകുളം ആര്‍.ടി.ഓ കെ.മനോജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ടീം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍.ടിഓ അറിയിച്ചു.