ലണ്ടന്‍: എണ്ണൂറ് കോടിയിലധികം ജനങ്ങള്‍ വസിക്കുന്ന ഭൂമിയെ നിയന്ത്രിക്കുന്നത് അതി സമ്പന്നരും, ശക്തമായ സ്വാധീനമുള്ളവരുമായ പത്ത് കുടുംബങ്ങള്‍ ആണെന്ന് വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂഖണ്ഡങ്ങള്‍ കടന്നും ഇവര്‍ ആഗോള വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുവത്രെ. ചില്ലറ വില്‍പന മേഖലയിലെ ഭീമന്മാര്‍ മുതല്‍, എണ്ണക്കമ്പനിയുടമകളും, ഫാഷന്‍ രംഗത്തെ അതികായരുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ആഗോള സമ്പദ്വ്യവസ്ഥയേയും സംസ്‌കാരത്തെയും നിര്‍വചിക്കാന്‍ പോന്ന തരത്തിലുള്ള സാമ്രാജ്യങ്ങളാണ് ഇവര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

അബുദാബിയിലെ അല്‍ നഹ്യാന്‍ കുടുംബമാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 305 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള അബുദാബിയിലെ ഈ രാജകുടുംബം, എണ്ണ, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ് മേഖലകളില്‍ നിക്ഷേപമുള്ളവരാണ്. രണ്ടാം സ്ഥാനത്ത് ഉള്ളത് ചില്ലറ വില്‍പന മേഖലയിലെ ഭീമന്മാരായ വാള്‍മാര്‍ട്ടിന്റെ ഉടമകളായ വാള്‍ട്ടണ്‍ കുടുംബമാണ്. ലോകമാകെ വ്യാപിച്ചു കിടക്കുന്ന ചില്ലറ വില്പന ശൃംഖലയുള്ള കുടുംബത്തിന്റെ ആസ്തി 259.7 മില്യന്‍ ഡോളറാണ്.

ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ഹെര്‍മെസിന്റെ ഉടമകളായ ഹെര്‍മെസ് കുടുംബം 150.9 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി ലിസ്റ്റില്‍ മൂന്നാമതെത്തി. ലോക ഫാഷന്‍ ട്രന്‍ഡുകള്‍ നിര്‍ണ്ണയിക്കാന്‍ തക്ക സ്വാധീനമാണ് ഹെര്‍മെസിന് ഈ മേഖലയിലുള്ളത്. എം ആന്‍ഡ് എം, സ്‌നിക്കെഴ്സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ കണ്‍ഫെക്ഷണറി മേഖലയിലെ മുടിചൂടാമന്നന്മാരായ മാഴ്സ് കുടുംബം 141.9 ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്ത് എത്തിയപ്പോള്‍, ഖത്തറിലെ രാജകുടുംബമായ അല്‍ താനി കുടുംബം 133 ബില്യന്‍ ഡോളര്‍ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്ക് പുറമെ ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്.

വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സംരംഭങ്ങളില്‍ ഒന്നായ കോഹ് ഗ്രൂപ്പിന്റെ ഉടമകലായ കോഹ് കുടുംബം ഈ ലിസ്റ്റില്‍ ആറാം സ്ഥാനം പിടിച്ചപ്പോള്‍, സൗദി രാജകുടുംബമായ അല്‍ സൗദ് ഏഴാം സ്ഥാനത്തെത്തിയിട്ടുണ്ട്. കോഹ് കുടുംബത്തിന്റെ ആസ്തി 127.3 ബില്യന്‍ ഡോളറാണെങ്കില്‍ അല്‍ സൗദ് കുടുംബത്തിന്റെത് 112 ബില്യന്‍ ഡോളറാണ്. വിവിധ മേഖലകളില്‍ ബിസിനസ്സ് താത്പര്യമുള്ള ഇന്ത്യയിലെ അംബാനി കുടുംബം 104.3 ബില്യന്‍ ഡോളര്‍ ആസ്തിയുമായി എട്ടാം സ്ഥാനത്തെത്തി.

ആഡംബര, ഫാഷന്‍ രംഗത്തെ മറ്റൊരു പ്രമുഖരായ ചാനല്‍ ബ്രാന്‍ഡ് ഉടമകളായ വെര്‍തൈമര്‍ കുടുംബം 89.6 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ഒന്‍പതാം സ്ഥാനത്തെത്തി. ചാനല്‍ ബ്രാന്‍ഡാണ് പ്രധാനമായും അവരെ അതിസമ്പന്നരാക്കിയത്. പത്താം സ്ഥാനത്തുള്ളത് വാര്‍ത്തകളും സാമ്പത്തിക വിപണി വിവരങ്ങളും യഥാസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന തോംസണ്‍ റോയിറ്റേഴ്സ് ഉടമകളായ തോംസണ്‍ കുടുംബമാണ്. മാധ്യമ രംഗത്തുള്ള ഈ കുടുംബത്തിന്റെ ആസ്തി 71.1 ബില്യന്‍ ഡോളര്‍ ആണ്.