ന്യൂഡൽഹി: ഇന്ത്യൻ സേനാവിഭാഗത്തിൽ വനിതകൾക്കുള്ള പ്രധാന്യം വീണ്ടും ഉയർത്തിക്കാട്ടി സ്വാതന്ത്ര്യ ദിനം. രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രിയെ ദേശീയപതാക ഉയർത്താൻ സഹായിച്ചത് ഒരു വനിതാ സൈനികയാണ്. മേജർ ശ്വേതാ പാണ്ഡേയാണ് പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിൽ ത്രിവർണ്ണ പാതാക ഉയർത്തുന്ന കടമനിർവ്വഹിച്ചത്.

സ്വാതന്ത്രദിനച്ചടങ്ങിൽ ദേശീയപാതക ഉയർത്തുന്നതിന് ആദ്യമായാണ് ശ്വേതാ പാണ്ഡെ നിയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം റഷ്യയുടെ വിക്ടറി പരേഡിൽ മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ അടിവച്ചുനീങ്ങിയ സംഘത്തിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാകയേന്തിയത് മേജർ ശ്വേതാ പാണ്ഡേയായിരുന്നു.

കഴിഞ്ഞവർഷത്തെ സ്വാതന്ത്ര്യദിനച്ചടങ്ങിൽ മൂന്ന് വ്യോമസേനാ വനിതാ സൈനികരാണ് പതാക ഉയർത്താൻ പ്രധാനമന്ത്രിയെ സഹായിച്ചത്. ഇത്തവണയും വനിതകൾക്ക് പ്രാധാന്യം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതാണ് ശ്വേതാ പാണ്ഡേയ്ക്ക് നറുക്കു വീഴാൻ കാരണമായത്. സേനയിലേക്ക് സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം നൽകുകയാണ് ലക്ഷ്യം.

2012ൽ ഇന്ത്യൻ കരസേനയുടെ ഭാഗമായ ശ്വേതാ പാണ്ഡേ തമിഴ്‌നാട്ടിലെ അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. ഇലട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ശ്വേതാ പാണ്ഡേ അക്കാദമിയിൽ നിന്നും ഗർവാൾ റൈഫിൾസ് മെഡലുമായിട്ടാണ് പരിശീലനം പൂർത്തിയാക്കിയത്.

സംവാദങ്ങൾ, പ്രസംഗം എന്നിവയിൽ രാജ്യത്തും പുറത്തും75 മെഡലുകളും 250 ബഹുമതിപത്രങ്ങളും നേടിയ മികച്ച വിദ്യാർത്ഥിയാണ് ശ്വേത. ലഖ്നൗ സ്വദേശിയായ ശ്വേതയുടെ പിതാവ് രാജ് രത്തൻ പാണ്ഡേ ഉത്തർപ്രദേശ് സർക്കാറിൽ സാമ്പത്തിക വകുപ്പിൽ അഡീഷണൽ ഡയറക്ടറായിരുന്നു. മാതാവ് സംസ്‌കൃതത്തിലും ഹിന്ദിയി ഭാഷാ വിഭാഗത്തിലെ പ്രൊഫസറാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്. രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൽ.എ.സി( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) മുതൽ എൽ.ഒ.സി ( ലൈൻ ഓഫ് കൺട്രോൾ ) വരെയുള്ള ഇടങ്ങളിൽ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവർക്ക് സൈന്യം അവർക്ക് മനസിലാകുന്ന ഭാഷയിൽ ഉചിതമായി തന്നെ മറുപടി നൽകി. ചൈനയേയും പാക്കിസ്ഥാനെയും പരോക്ഷമായി സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തിനും നമ്മുടെ സൈന്യത്തിനും എന്തൊക്കെ സാധിക്കുമെന്ന് ലോകം ലഡാക്കിൽ കണ്ടു. ഇന്ന് അവർക്കെല്ലാവർക്കുമായി ആദരവ് നൽകുന്നുവെന്ന് മോദി പറഞ്ഞു. അതേസമയം അയൽക്കാരൻ അതിർത്തി പങ്കിടുന്നയാൾ മാത്രമല്ല ഹൃദയവുമായി ബന്ധം പുലർത്തുന്നവരും കൂടിയാണെന്നും മോദി മറ്റുരാജ്യങ്ങളെ സൂചിപ്പിച്ച് മോദി പറഞ്ഞു. അവിടെ ബന്ധങ്ങളിൽ ഐക്യമുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വിപുലീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു.