കോവിഡ് മനുഷ്യരുടെ മാനസികവും ശാരാരികവുമായ ആരോഗ്യത്തെ ആഴത്തിൽ ബാധിക്കുന്ന കാലമാണിത്. ബോളിവുഡ് നടിമാരിൽ ഫിറ്റ്‌നസിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് മലൈക അറോറ. കഴിഞ്ഞ സെപ്റ്റംബറിലാണ് നടിക്ക് കോവിഡ് പോസിറ്റീവായത്. ആരോഗ്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന മലൈകയ്ക്ക് പോലും കോവിഡിനെ തോൽപിക്കാൻ മൂന്നാഴ്‌ച്ചയോളം എടുത്തു.കോവിഡ് നെഗറ്റീവായെങ്കിലും കൊറോണ വൈറസ് ശാരീരികവും മാനസികവുമായി ഉണ്ടാക്കിയ ആഘാതങ്ങൾ ഏറെ കഠിനമായിരുന്നുവെന്ന് പറയുകയാണ് മലൈക.

ഇൻസ്റ്റഗ്രാമിൽ തന്റെ ഫിറ്റ്‌നസ് വ്യക്തമാക്കുന്ന ചിത്രത്തിനൊപ്പമാണ് മലൈക കോവിഡിനെ തരണം ചെയ്തതിനെ കുറിച്ച് പറയുന്നത്.'നിങ്ങൾ വളരെ ഭാഗ്യവതിയാണ്, ഇത് വളരെ എളുപ്പമായിരിക്കും' താൻ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വാചകങ്ങൾ ഇതാണെന്ന് നടി പറയുന്നു. എന്നാൽ, ജീവിതത്തിലെ പല കാര്യങ്ങളിലും താൻ കടപ്പെട്ടിരിക്കുന്നുവെങ്കിലും അതൊന്നും ഭാഗ്യം കൊണ്ടല്ലെന്ന് നടി വ്യക്തമാക്കുന്നു.

ഭാഗ്യത്തിന് ചെറിയ പങ്ക് മാത്രമാണ് തന്റെ ജീവിതത്തിലുള്ളത്. തനിക്ക് ഒന്നും എളുപ്പമായിരുന്നുമില്ല. കോവിഡിൽ നിന്നും മുക്തി നേടുന്നത് വളരെ എളുപ്പമാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ, മികച്ച പ്രതിരോധശേഷി കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരോ അല്ലെങ്കിൽ, കോവിഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയാത്തവരോ ആയിരിക്കും.ആ അവസ്ഥയിൽ കൂടി കടന്നുപോയതിനാൽ തന്നെ, എളുപ്പം എന്ന വാക്ക് താൻ ഒരിക്കലും തിരഞ്ഞെടുക്കില്ല. കാരണം ഈ രോഗം തന്നെ ശാരീരികമായി ആകെ തകർത്തിരുന്നു. രണ്ട് അടി നടക്കുന്നത് പോലും കഠിനമായ അധ്വാനമായിരുന്നു. കിടക്കയിൽ നിന്നും ജനാല വരെയുള്ള നടത്തം പോലും വലിയ യാത്രയായി അനുഭവപ്പെട്ടു.

കൂടുതൽ ക്ഷീണിതയാകുകയും ഒപ്പം വണ്ണവും കൂടി. നേടിയെടുത്ത കരുത്ത് മുഴുവൻ ചോർന്ന് പോയി. ഇതിനെല്ലാം പുറമേ, ഏറ്റവും പ്രിയപ്പെട്ട കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടി വന്നു. സെപ്റ്റംബർ 26 നാണ് താൻ കോവിഡ് നെഗറ്റീവ് ആകുന്നത്.അതിൽ ഏറെ സന്തോഷമുണ്ടായിരുന്നു. പക്ഷേ, തളർച്ച മാറിയില്ല. മനസ്സ് ആഗ്രഹിക്കുന്നത് ശരീരം പിന്തുണക്കുന്നില്ല എന്ന തോന്നൽ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. തന്റെ ഊർജവും കരുത്തും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലേ എന്നുപോലും ഭയന്നു.

24 മണിക്കൂറിനിടയിൽ എന്തെങ്കിലും ഒരു ജോലിയെങ്കിലും മുഴുവനായി ചെയ്ത് തീർക്കാൻ കഴിയുമോ എന്നു പോലും സംശയിച്ചു.കോവിഡ് മുക്തയായതിന് ശേഷമുള്ള ആദ്യ വർക്ക് ഔട്ട് അതികഠിനമായിരുന്നുവെന്ന് മലൈക പറയുന്നു. പൂർണമായും തകർന്നു പോയി. എന്നാൽ നിശ്ചദാർഢ്യത്തോടെ വീണ്ടും വർക്ക്ഔട്ട് തുടങ്ങിയെന്നും താരം വ്യക്തമാക്കുന്നു. ഇപ്പോൾ തനിക്ക് കൂടുതൽ നന്നായി ശ്വസിക്കാനും മാനസികമായും ശാരീരികമായും കൂടുതൽ കരുത്തുള്ളതായും അനുഭവപ്പെടുന്നുവെന്നും പറഞ്ഞാണ് മലൈക തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.