കോട്ടയം: മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളി അല്ലെന്നും സ്വതന്ത്ര ട്രസ്റ്റ് ആണെന്നും കോട്ടയം അഡീഷനൽ മുൻസിഫ് കോടതിവിധി വന്നതായുള്ള വാദങ്ങൾ തെറ്റോ? ഇതും പുതിയ പള്ളി തർക്കത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിനെതിരെ ഓർത്തഡോക്‌സ് സഭ അതിശക്തമായ നടപടികൾക്ക് മുതിരുമെന്നാണ് സൂചന.

മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്ന പള്ളി അല്ലെന്നും സ്വതന്ത്ര ട്രസ്റ്റ് ആണെന്നും കോടതി വധിച്ചതായി യാക്കോബായക്കാരാണ് പറയുന്നത്. പള്ളി ഭരിക്കപ്പെടേണ്ടതു പള്ളിയുടെ സ്വന്തം ഭരണഘടന പ്രകാരമാണെന്നും 1934ലെ സഭാ ഭരണഘടന ബാധകമല്ലെന്നും അതിനാൽ 2017ലെ വിധി മണർകാട് പള്ളിയെ ബാധിക്കുന്നതല്ല എന്നുമുള്ള പള്ളിയുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചതായും സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തിൽ, ട്രസ്റ്റിമാരായ മാത്യു ജേക്കബ്, ഷാജി മാത്യു, മെൽവിൻ ടി.കുരുവിള, സെക്രട്ടറി തോമസ് രാജൻ എന്നിവർ പറഞ്ഞു.

എന്നാൽ മണർകാട് സെന്റ് മേരീസ് പള്ളിയെപ്പറ്റി കോട്ടയം അഡീഷനൽ മുൻസിഫ് കോടതിയിൽ നിന്ന് ഉണ്ടായ വിധി സംബന്ധിച്ചു തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണു പുറത്തുവരുന്നതെന്ന് ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. പള്ളിയെ സംബന്ധിച്ചു 2020 സെപ്റ്റംബർ 18 ന് കോട്ടയം സബ് കോടതിയിൽ നിന്ന് വിധി തീർപ്പ് ഉണ്ടെന്ന് ഓർത്തഡോക്‌സ് സഭ പറയുന്നു.

ഈ വിധി നിലനിൽക്കുന്നതിനാൽ അതിന്റെ നടത്തിപ്പ് അല്ലാതെ ഇപ്പോൾ ഒരു പുതിയ കേസിന്റെ ആവശ്യമില്ല എന്നു മുൻസിഫ് കോടതി നിർദേശിച്ചിരിക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ ഉത്തരവ് നേരത്തെ പുറത്തു വന്നിരുന്നു. ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്നാണ് കോട്ടയം സബ് കോടതിയുടെ മുൻ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണർകാട് പള്ളി. ആ പള്ളിക്ക് കീഴിൽ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച മരിയൻ തീർത്ഥാടന കേന്ദ്രം കൂടിയായ മണർകാട് പള്ളിയിൽ നാനാജാതി മതസ്ഥായ വിശ്വാസികൾ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയം അഡീഷനൽ മുൻസിഫ് കോടതിയിൽ നിന്ന് ഉണ്ടായ വിധിയിൽ യാക്കോബായക്കാർ പ്രതീക്ഷ കാണുന്നത്.

മാർത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണർകാട് പള്ളി. എന്നാൽ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടർന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണർകാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓർത്തഡോക്സുകാർ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധർമവുമല്ലെന്നും യാക്കോബായക്കാർ പറയുന്നു.