തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിക്കത്ത് തയ്യാറാക്കി. അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും പുതിയ പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കണമെന്നും മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ വേണ്ടി അശോക് ചവാൻ സമിതി നടപടികളും തുടങ്ങിക്കഴിഞ്ഞു.

കോൺഗ്രസ് എംഎൽഎമാരുമായി അശോക് ചവാൻ സമിതിയുടെ കൂടിക്കാഴ്ച ഇന്ന് മുതൽ തുടങ്ങും. ഇന്ന് വൈകുന്നേരം ഓൺലൈൻ ചർച്ചയ്ക്ക് തയാറാകണമെന്നാണ് നിർദ്ദേശം. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും. കൂടാതെ എംപിമാരിൽ നിന്നും വിവരങ്ങൾതേടുന്നുണ്ട്.

ചവാൻ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം കെപിസിസി അധ്യക്ഷനെ നിയമിച്ചേക്കും. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് ജൂൺ ഒന്നിന് ഹൈക്കമാൻഡിന് സമർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുണ്ടാകും. അതേസമയം മുതിർന്ന നേതാക്കളാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേര് നിർദ്ദേശിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഹൈക്കമാൻഡ് തീരുമാനിക്കട്ടെയന്ന നിലപാടിലാണ്.

അതിനിടെ ഹൈക്കമാൻഡ് തീരുമാനം വൈകരുതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിലവിലെ അവസ്ഥയിൽ താൻ പാർട്ടിയെ നയിക്കുന്നത് ഉചിതമല്ല. യുക്തമായ തീരുമാനം ഉടനെ വേണം. കെ സുധാകരനാണ് നിലവിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുൻതൂക്കം. കെ മുരളീധരനും ഈ സ്ഥാനം മോഹിക്കുന്നവരുടെ കൂട്ടത്തിലാണ്.

കെ സുധാകരന്റെ പേരിൽ വലിയ തടസങ്ങൾ മുതിർന്ന നേതാക്കൾ ഉന്നയിച്ചാൽ ബദൽ നിർദ്ദേശങ്ങളും പരിഗണിക്കാനാണ് നീക്കം. അങ്ങനെയെങ്കിൽ കൊടിക്കുന്നിൽ സുരേഷിനെയും ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെപിസിസി യുടെ താക്കോൽ സ്ഥാനത്തിനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാൻഡ് പട്ടികയിൽ കെ.സുധാകരനാണ് മുന്നിൽ. മറ്റൊല്ലാ പരിഗണനകൾക്കും അപ്പുറം പ്രവർത്തകരെ സജീവമാക്കാൻ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.

അതേസമയം ഗ്രൂപ്പു മാനേജർമാർക്കും കെ സി വേണുഗോപാലിനും കെ സുധാകരൻ അധ്യക്ഷനാകുന്നതിൽ താൽപ്പര്യക്കുറവുണ്ട്. സുധാകരൻ എംപി കെപിസിസി പ്രസിഡന്റായാൽ തങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചുവെന്ന് വിചാരിക്കുന്നവരാണ് അദ്ദേഹത്തിന്റെ എതിർ ഗ്രൂപ്പിലുള്ള കണ്ണുരിലെ കോൺഗ്രസ് നേതാക്കൾ. അതുകൊണ്ട് തന്നെ അവർ സുധാകരനെതിരെ കരുനീക്കം ശക്തമാക്കിയിട്ടുണ്ട്.

സുധാകരനെതിരെയുള്ള ആരോപണങ്ങൾ അക്കമിട്ട് നിരത്തി എ.ഐ.സി.സിക്ക് മെയിലും കത്തെഴുതലാണ് ഇവരുടെ ഇപ്പോഴത്തെ പണി.കെപിസിസി യിലും ആന്റി സുധാകരൻ ക്യാംപയിൻ തകൃതിയായി നടക്കുന്നുണ്ട്. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായ ജില്ലയിലെ സുധാകരന്റെ കടുത്ത എതിരാളിയായ നേതാവാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പാർട്ടിയെ കണ്ണുരിൽ നാമാവശേഷമാക്കിയത് കെ.സുധാകരന്റെ നേതൃത്വമാണെന്നാണ് കണക്കുകൾ ഉദ്ധരിച്ച് ഇദ്ദേഹം വിശദീകരിക്കുന്നത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളായ അശോക് ചവാനും താരിഖ് അൻവറും കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെത്താൻ പോകുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തലപ്പത്തിരിക്കുന്ന സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ ആന്റണി എന്നിവർക്ക് സുധാകരനെതിരെയുള്ള വിമർശനങ്ങൾ ഉന്നയിച്ച് നിരന്തരം മെയിൽ സന്ദേശമയക്കുകയാണ് കണ്ണുരിലെ വിമത വിഭാഗം കോൺഗ്രസ് നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സുധാകരനുമായി ഇടഞ്ഞു നിൽക്കുന്നതാണ് ഇവർക്ക് സഹായകരമാകുന്നത്.