ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് പിജി പരീക്ഷ സെപ്റ്റംബർ 11 ന് നടത്തുമെന്ന് കേന്ദ്രസർക്കാർ. നേരത്തെ ഏപ്രിൽ 18ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു.

ഏപ്രിൽ 18ന് നടത്താനിരുന്ന പരീക്ഷ ഏപ്രിൽ 15നാമ് മാറ്റിവച്ചത്. പിന്നീട്, ഓഗസ്റ്റ് അവസാനം വരെ പരീക്ഷ നടത്തില്ലെന്നും പുതിയ തീയതികൾ പ്രഖ്യാപിക്കുമ്പോൾ, പരീക്ഷാർഥികൾക്ക് തയ്യാറെടുക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലും സമയം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് അണ്ടർ ഗ്രാജ്യൂവേറ്റ് പരീക്ഷ സെപ്റ്റംബർ 12ന് നടത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുമുൻപുള്ള ദിവസം നീറ്റ് പിജി പ്രവേശന പരീക്ഷ നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.