പത്തനംതിട്ട: ജങ്ക് ഫുഡിന്റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലോക പൊണ്ണതടി ദിനവുമായി ബന്ധപെട്ട് അടൂർ ജനറൽ ആശുപത്രിയുടെയും എൻ സി ഡി ന്യൂട്രിഷൻ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്തി ആൻഡ് ന്യൂട്രിഷസ്സ് ഫുഡ് കോമ്പറ്റിഷൻ, എക്സിബിഷൻ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങളിൽ നിന്നും അതുപോലെ അമിതവണ്ണം ഇവയിൽ നിന്നൊക്കെ രക്ഷനേടാൻ ജങ്ക് ഫുഡിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ചിറ്റയം കൂട്ടിച്ചേർത്തു.

നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായ ചടങ്ങിൽ മുൻ നഗരസഭ ചെയർമാൻ ഡി സജി, ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ ,ഡയറ്റിഷ്യൻ ജ്യോതി എൻ നായർ എന്നിവർ പങ്കെടുത്തു. ഡോ.ശശി, ഡോ.പ്രശാന്ത് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവർ മത്സരത്തിലും ഫുഡ് എക്സിബിഷനിലും പങ്കാളികൾ ആയി. വിവിധ നഴ്സിങ് കോളേജ് വിദ്യാർത്ഥികളുടെ ബോധവൽക്കരണ പരിപാടികളും പരിപാടിയുടെ ഭാഗമായി സഘടിപ്പിച്ചു.പൊണ്ണത്തടിക്കെതിരെ പ്രായോഗിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും ആളുകളെ സഹായിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 4 ന് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നത്.