പത്തനംതിട്ട: ജനങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് റവന്യൂ വകുപ്പിന്റെയും സർക്കാരിന്റെയും ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കടമ്പനാട് വില്ലേജിൽ 44 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ നിർവഹണത്തിന്റെ ചുമതല പിഡബ്ല്യൂഡി കെട്ടിട വിഭാഗത്തിനാണ്. ജനങ്ങൾക്ക് അതിവേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ വില്ലേജ്, താലൂക്ക് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ യുഗത്തിൽ പൊതുജനങ്ങൾക്ക് സമയബന്ധിതമായി സർക്കാരിന്റെ സേവനങ്ങൾ വേഗത്തിലെത്തിക്കുവാൻ ഓഫീസുകൾ സ്മാർട്ടാവുന്നതിലൂടെ സാധ്യമാകും. ഓരോ ജില്ലയിലും റവന്യൂവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ജീവനക്കാരുടെയും പരാതികൾക്ക് പരിഹാരം കാണുവാൻ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ എല്ലാ മാസവും യോഗം ചേരുന്നുണ്ട്.

അടൂർ മണ്ഡലത്തിലും വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുനെന്നും ഏറക്കുറെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ഓഫീസുകളായി മാറിയിട്ടുമുണ്ട്. മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം നവീകരണത്തിനായി സർക്കാർ മൂന്നു കോടി രൂപയും കടമ്പനാട് മിനി സ്റ്റേഡിയത്തിനായി ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിൽ കൊടുമണ്ണിൽ നിർമ്മിച്ച സ്റ്റേഡിയം ഇതിനോടകം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, കായികം തുടങ്ങി സമസ്ത മേഖലകളിലും സമ്പൂർണമായ വികസനം ലക്ഷ്യം വച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, വാർഡ് അംഗം റ്റി. പ്രസന്നൻ, പൊടിമോൻ കെ. മാത്യു, അടൂർ തഹസീൽദാർ ജി. കെ പ്രദീപ്, അഡ്വ. എസ് മനോജ്, കെ.എസ് അരുൺ മണ്ണടി, റെജി മാമ്മൻ, അഡ്വ. ആർ. ഷണ്മുഖൻ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.