കാസർകോട്: ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത പുതിയ വന്ദേഭാരത് എക്സ്പ്രസും കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസും തമ്മിൽ പരസ്പരം 'കണ്ടുമുട്ടിയ' ദൃശ്യം പങ്കുവെച്ച് ദക്ഷിണറെയിൽവേ. ഞായറാഴ്ച ഫ്ളാഗ്ഓഫിന് പിന്നാലെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച പുതിയ വന്ദേഭാരത് എക്സ്പ്രസിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ദക്ഷിണറെയിൽവേ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കേരളത്തിലെ രണ്ട് വന്ദേഭാരതുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ എന്നാണ് ദൃശ്യങ്ങൾക്കൊപ്പം ദക്ഷിണറെയിൽവേ കുറിച്ചത്. കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽവച്ചാണ് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസും(20634) പുതിയ കാസർകോട്-തിരുവനന്തപുരം(02631) വന്ദേഭാരത് എക്സ്പ്രസും ഇരുദിശകളിലേക്കും കടന്നുപോയത്.

ആലപ്പുഴ വഴിയുള്ള പുതിയ കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് അടക്കം ഒൻപത് വന്ദേഭാരത് സർവീസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനദിവസമായ ഞായറാഴ്ച പുതിയ വന്ദേഭാരത് എക്സ്പ്രസിന്റെ സ്പെഷ്യൽ സർവീസാണ്.

ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് തുടങ്ങും. ബുധനാഴ്ച കാസർകോട്ടുനിന്നും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്നും സർവീസ് നടത്തും.

ഓറഞ്ച്-ഗ്രേ നിറത്തിൽ ഏറ്റവുംപുതിയ ലിവറിയിലുള്ള വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് പുതുതായി അനുവദിച്ചത്. സംസ്ഥാനത്തുകൂടി ഓടുന്ന എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഏറ്റവും ചെറുതാണ് രണ്ടാം വന്ദേഭാരത്. ഏഴ് ചെയർ കാറും ഒരു എക്‌സിക്യുട്ടീവ് ചെയറുമുണ്ട്.

ചെയർകാറിൽ 546 സീറ്റും എക്‌സിക്യുട്ടീവ് ക്ലാസിൽ 52 സീറ്റും. നിലവിൽ ജനറൽ റിസർവേഷനിൽ ഇത് യഥാക്രമം 352, 33 സീറ്റുകൾ വീതമാണ്. എമർജൻസി ക്വാട്ട, തത്കാൽ (96 സീറ്റ്, 11 സീറ്റ്) ഉൾപ്പെടെ ബാക്കി സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയം തത്കാൽ ഇല്ല.

തിരുവനന്തപുരം-കാസർകോട് (20632), കാസർകോട്-തിരുവനന്തപുരം (20631) സർവീസുകൾ തമ്മിൽ ടിക്കറ്റ് നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്. ആദ്യ വന്ദേഭാരതിലും ഈ വ്യത്യാസം കാണാം. കാസർകോട്ടുനിന്ന് ആരംഭിക്കുന്ന വണ്ടിക്ക് നിരക്ക് അൽപ്പം കൂടും. കാസർകോട്-തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാൽ തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്.