കൊച്ചി: നടൻ ബാലയ്ക്ക് എതിരായ പൊലീസ് അന്വേഷണത്തിൽ, തൃപ്തിയില്ലെന്ന് യുട്ഊബർ അജു അലക്‌സ്. റിപ്പോർട്ടർ ടിവിയോടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തന്റെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി കൊടുത്തത്. തോക്ക് ഒറിജിനലാണോ എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് മറുപടി പറഞ്ഞത്.

തന്നെ തോക്കുമായി ഭീഷണിപ്പെടുത്തിയ ആൾ വീണ്ടും വരുമോയെന്ന് ഭയമുണ്ടായിരുന്നു. പൊലീസ് അന്ന് നടപടി എടുത്തില്ല. രണ്ടാമത്തെ ദിവസവും തോക്ക് എവിടെയാണ് എന്ന് പൊലീസ് ചോദിച്ചതായും അജു അലക്‌സ് പറഞ്ഞു. ബാല കൊണ്ടുവന്നത് കളിത്തോക്കാണോ, ഒറിജിനലാണോ എന്നറിയില്ലെന്ന് പരാതിക്കാരനും, അജു അലക്‌സിന്റെ ഒപ്പം താമസിക്കുന്നയാളുമായ മുഹമ്മദ് അബ്ദുൾ ഖാദർ പറഞ്ഞു. താൻ സിനിമയിൽ മാത്രമേ തോക്കുകണ്ടിട്ടുള്ളുവെന്നും ബാലയ്ക്ക് തോക്കുപയോഗിക്കാൻ അറിയാമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തോക്കിന്റെ കാര്യം മൊഴിയിൽ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും, എഫ്‌ഐആറിൽ വന്നിട്ടില്ലെന്നും മുഹമ്മദ് അബ്ദുൾ ഖാദർ പറഞ്ഞു. അജുവിന്റെ വീഡിയോ താനാണ് എഡിറ്റ് ചെയ്തതെന്ന് ബാല തെറ്റിദ്ധരിച്ചു. കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നോടുള്ള ദേഷ്യം ഇല്ലാതായി. ബാലയുടെ കൂടെ വന്ന ആളാണ് ഇവിടെ വന്ന വീഡിയോ എടുത്തതെന്നും മുഹമ്മദ് അബ്ദുൾ ഖാദർ വ്യക്തമാക്കി.

ബാലയുടെ കൈയിൽ തോക്ക് ഒറിജിനൽ ആണെങ്കിലും ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഇയാൾക്കെതിരെ വേഗത്തിൽ നടപടി എടുക്കണം. നാളെ പറയും തോക്ക് ഇല്ല എന്ന്, അത് ആനിമേറ്റഡ് റിയാലിറ്റി ആണെന്ന് പറഞ്ഞാലും അതിശയമില്ലെന്നും യുട്ഊബർ അജു അലക്‌സ് പറഞ്ഞു. ബാല പറയുന്നത് എപ്പോഴും പൊട്ടത്തരങ്ങളാണ്. പെരുമാറ്റം ബാലിശമാണ്. തലയ്ക്ക് സ്ഥിരതയുള്ളവരെ പോലെ ബാല ഒന്നും എവിടെയും പറഞ്ഞിട്ടില്ല. ബാല പറയുന്നത് ഇത് എല്ലാത്തിന്റെയും തുടക്കമാണെന്ന്. കൊച്ചുകുട്ടികൾക്ക് വേണ്ടിയാണ് താൻ ഇതെല്ലാം ചെയ്യുന്നത്. കുട്ടികളെ ഇത്തരം കാര്യങ്ങളാണോ ബാല പഠിപ്പിക്കുന്നതെന്നും അജു അലക്‌സ് ചോദിച്ചു.

ബാലയുടെ മൊഴിയെടുത്തു

അതേസമയം, നടൻ ബാലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരിശോധനയിൽ തോക്കു കണ്ടെത്തിയില്ലെന്നു പൊലീസ് പറഞ്ഞു. യൂട്ഊബർ അജു അലക്‌സിന്റെ പരാതിയിൽ ബാലയ്‌ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു.

ബാലയെ വിമർശിച്ച് അജു അലക്‌സ് സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്‌ളാറ്റിലെത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടെന്നും വീഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്‌ഡ്രോപ് കീറിയ ശേഷം വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ബാക്കി അപ്പോഴറിയാം എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. എന്നാൽ, അജു അലക്‌സിന്റെ ആരോപണം ശരിയല്ലെന്നും, തോക്കുമായി പോയിട്ടില്ലെന്നുമാണ് ബാലയുടെ പ്രതികരണം.

രണ്ടാം വാർഷികം ആഘോഷിച്ച് ബാല

അതിനിടെ, ഭാര്യ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടതിന്റെ രണ്ടാം വാർഷികം ബാല ആഘോഷിച്ചു. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലതേ നടക്കൂ എന്ന് ബാല പറയുന്നു. നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണെന്നും ഈ നല്ല സമയം ആർക്കു വേണ്ടിയും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും ബാല പറഞ്ഞു. മധുരപലഹാരം പങ്കുവച്ചാണ് ആദ്യമായി കണ്ടതിന്റെ വാർഷികം ബാലയും എലിസബത്തും ആഘോഷിച്ചത്.

''ഇപ്പൊ സമയം എത്രയാണ്, വെളുപ്പിനു മൂന്ന് മണി കഴിഞ്ഞ് മുപ്പത്തിനാല് മിനിറ്റ്. രണ്ടുവർഷം മുൻപ് ഇതേ ദിവസം വെളുപ്പിനെ മൂന്നു മുപ്പത്തിനാലിനാണ് ഞാൻ എലിസബത്തിനെ പരിചയപ്പെടുന്നത്. അത് എനിക്ക് വളരെ വിലപ്പെട്ട സമയമാണ്.

ഈ സമയം ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല. നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക എന്നാൽ നല്ലതേ നടക്കൂ. ഒരു ചെറിയ ഉപദേശമുണ്ട് 'നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണ്''. ബാല പറഞ്ഞു.