തിരുവനന്തപുരം: കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്‌റ നെഹ്രിന്റേതെന്ന് സുധാകരൻ പ്രതികരിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്‌റ നെഹ്രിന്റേത്

SDPI തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ. ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നൗഷാദിന്റെ പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.


2019 ജൂലൈ 30 നാണ് ചാവക്കാട് പുന്നയിൽ നൗഷാദ് ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ചാവക്കാട് പുന്ന സെന്ററിൽ വച്ച് മുഖംമൂടി ധരിച്ച് ഏഴ് ബൈക്കുകളിലെത്തിയ 15 അംഗ സംഘമാണ് വടിവാളുകൊണ്ട് ഇവരെ വെട്ടിയത്. എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്.

പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ്.ഡി.പി.ഐ സംഘത്തിന് ലഭിച്ചിരുന്നുവത്രെ. ആയുധങ്ങളുമായി സംഘം എത്തുമ്പോഴേക്കും സംഭവസ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്നുപേർ കൂടി എത്തിചേർന്നിരുന്നു. നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത്. ഒരുകാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് സംഘം നടത്തിയത്.

ഓടാതിരിക്കാൻ വേണ്ടി ആദ്യം നൗഷാദിന്റെ കാലിലാണ് വെട്ടിയത്. പിന്നീട് ശരീരത്തിൽ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. അവസാനം കഴുത്തിൽവെട്ട് കൊണ്ടപ്പോൾ നൗഷാദ് ചലനമില്ലാതെ ആയി. പ്രതികൾ പല വഴികളിലായാണ് രക്ഷപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ നൗഷാദ് 31ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിൽ ഇതുവരെ പിടിയിലായ 10 പേരും എസ്.ഡി.പി.ഐ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു.

നൗഷാദ് ഉൾപ്പെടെ നാലുപേർക്കാണ് വെട്ടേറ്റതെങ്കിലും മറ്റുള്ളവർ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്തു. 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃശൂർ സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി സി.ഡി ശ്രീനിവാസൻ ചാവക്കാട് കോടതിയിൽ സമർപ്പിച്ചത്. 150ഓളം സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.