ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 'മദ്യപിക്കരുത്, ഇത് ശരീരോഷ്മാവ് കുറയ്ക്കും', ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പിൽ പറയുന്നു. വീടുകളിലും വർഷാന്ത്യ പാർട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നുമാണ് മുന്നറിയിപ്പ്.

വീടിനകത്ത് തന്നെ തുടരണമെന്നും വൈറ്റമിൻ സി ഉയുള്ള പഴങ്ങൾ കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ ചർമ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യമുണ്ടാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഞായറാഴ്ചയും തിങ്കളാഴ്ചയും അതിശൈത്യത്തിന് നേരിയ ശമനമുണ്ടാകുമെങ്കിലും പിന്നീട് തണുപ്പ് വർധിക്കും. ഡിസംബർ 29 മുതൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കടുത്ത ശൈത്യം പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.