തിരുവനന്തപുരം: കേരളത്തിൽ നിന്നും സ്വയം പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നുമുള്ള കിറ്റക്‌സ് എം.ഡി സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗർഭാഗ്യകരമാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. അവർക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും ഇങ്ങനെ ഒരു പ്രചാര വേലയ്ക്ക് മുമ്പ് ഞങ്ങൾക്ക് ഒരു അവസരം നൽകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

വ്യവസായികളും സംരഭകരുമായി സർക്കാരിന് മികച്ച ബന്ധമാണുള്ളതെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്ത് നല്ല രീതിയിൽ വ്യവസായം തുടങ്ങാൻ കഴിയുന്ന സാഹചര്യമുണ്ട്. സർക്കാരിന് തുറന്ന സമീപനമാണ് ഇക്കാര്യത്തിൽ ഉള്ളത്. കിറ്റെക്‌സ് വിഷയത്തിൽ കാര്യങ്ങൾ വിശദീകരിച്ചതാണ്. വീണ്ടും ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കിറ്റെക്സ് എം ഡി സാബു എം ജേക്കബ് നടത്തിയ ആരോപണങ്ങൾ ദൗർഭാഗ്യകരമാണ്. വ്യവസായ സൗഹൃദാന്തരീക്ഷത്തിന് എതിരായി ഒരു തെറ്റായ നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരാതികൾ ഇനിയും ഉണ്ടെങ്കിൽ അവയെല്ലാം പരിശോധിച്ച് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാണെന്ന് അവരെ അറിയിച്ചതായും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ആട്ടി പായിച്ചു എന്ന പരാമർശം ദൗർഭാഗ്യകരമാണ്. ഇത് സമൂഹം വിലയിരുത്തട്ടെ. ഒരു തരത്തിലുള്ള പ്രതികാര നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. സൗമ്യമായി തന്നെയാണ് സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഗവൺമെന്റിന് ഇപ്പോഴും തുറന്ന മനസാണ്. എല്ലാ സംരംഭകരുമായും നല്ല രീതിയിൽ ചർച്ച ചെയ്ത് കാര്യങ്ങൾ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്നത്തിൽ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് സാബു എം ജേക്കബ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. തന്നെ സംസ്ഥാന സർക്കാർ ചവിട്ടി പുറത്താക്കിയെന്നും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനിയൊരു വ്യവസായിക്കും ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രാജീവ്.

കിറ്റക്‌സ് വിവാദം കേരളത്തിലേക്ക് വ്യവസായങ്ങൾ വരാതിരിക്കനുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് വ്യവസായങ്ങൾ വരാതിരിക്കാൻ ഉള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് സംശയിക്കാം. ഇവിടത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാർട്ട്അപ്പുകളോട് ചോദിക്കാം. ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ടിസിഎസ് വരുന്നു. ഐബിഎം വരുന്നു. ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കളമശേരിയെ ലോകോത്തര കമ്പനികളുടെ ഹബാക്കി മാറ്റാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നല്ല രീതിയിൽ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ല രീതിയിൽ നിക്ഷേപകർ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുമ്പോൾ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യർത്ഥനയാണ് നടത്തിയത്. നല്ല രീതിയിൽ ഗവൺമെന്റ് സംരംഭകരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണം സംസ്ഥാനത്തിന്റെ അധികാരത്തിൽപ്പെട്ടതാണ്. സംസ്ഥാന സർക്കാരിന്റെ അധികാരത്തിന് മേലുള്ള കടന്നാക്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.