കൊച്ചി: പരബ്രഹ്‌മയുടെ തള്ളിൽ വീഴുന്ന സാധാരണക്കാർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ മാത്രം. കോവിഡിനെതിരെ മരുന്ന് കണ്ടു പടിക്കാൻ ഇനിയും ആർക്കും കഴിഞ്ഞിട്ടില്ല. വാക്‌സിന് പോലും പൂർണ്ണ ഫലപ്രാപ്തിയില്ല. ഇതിനിടെയാണ് കോവിഡിന് മരുന്ന് കണ്ടു പിടിച്ചെന്ന വ്യാജേന കോടികളുടെ ബിസിനസ്സ് ആലപ്പുഴയിലെ ഈ സ്ഥാപനം നടത്തുന്നത്. പരബ്രഹ്‌മയുടെ ഐഎംബി എന്ന മരുന്ന് കഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് മാത്രമല്ല രോഗാവസ്ഥ കൂടി പ്രതിസന്ധി മൂർച്ഛിക്കുമെന്ന വസ്തുതയാണ് ടിബി വിനോദ് വിവരിക്കുന്നത്. സമാനതകളില്ലാത്ത മെഡിക്കൽ തട്ടിപ്പാണ് പരബ്രഹ്‌മ നടത്തുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ഒരു ഓൺലൈൻ മാധ്യമത്തിന്റെ പിൻബലത്തിലാണ് പരബ്രഹ്‌മയുടെ കള്ളക്കളി. കോവിഡിന് മരുന്നു കണ്ടു പിടിച്ചുവെന്ന് ഓൺലൈൻ ചാനൽ വിശ്വസനീയമാം വിധം പ്രചരിപ്പിച്ചു. ഇതാണ് വിനോദിനേയും കുടുക്കിയത്. പരസ്യം വിശ്വസിച്ച് 1.43 ലക്ഷം രൂപയാണ് വിനോദ് മരുന്നിന് വേണ്ടി ചെലവാക്കിയത്. അതിന് ശേഷം കോവിഡ് പിടിപ്പെട്ട് ഒരു ലക്ഷം രൂപ ആശുപത്രി ചെലവായും പോയി. രോഗം വന്ന ശേഷവും ആശുപത്രിയുടെ വാക്കു വിശ്വസിച്ച് മരുന്ന് കഴിച്ചതാണ് ചതിക്ക് കാരണമായത്. മരുന്ന് വാങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് കോവിഡ് വന്നുവെന്നാണ് വിനോദ് പറയുന്നത്.

എറണാകുളം പൊലീസ് കമ്മീഷണർക്ക് ഇതു സംബന്ധിച്ച പരാതി വിനോദ് നൽകിയിട്ടുണ്ട്. കൊറോണയുടെ പുതിയ വകഭേദത്തെ പോലും പ്രതിരോധിക്കാൻ ശക്തിയുണ്ടെന്നായിരുന്നു ഓൺലൈനിലെ വാർത്താ പരസ്യം. മരുന്നിന്റെ ഗുണവും ഫലവും ആധികാരികമായി തന്നെ അവതരിപ്പിച്ചു. ഇത് കണ്ട് വിശ്വസിച്ചാണ് ഏപ്രിൽ 18ന് മരുന്ന് വാങ്ങിയത്. 5999 രൂപയ്ക്ക് നാല് ബോട്ടിൽ വാങ്ങി. ആകെ ചെലവാക്കിയത് 23996 രൂപ. അതിന് ശേഷം ആശുപത്രിയെ ബന്ധപ്പെട്ടു. കൂടുതൽ മരുന്ന് കഴിക്കാൻ നിർദ്ദേശിച്ചു.

അങ്ങനെ ആലപ്പുഴയിലെ ആശുപത്രിയിൽ എത്തി 20 ബോട്ടിൽ 1.20 ലക്ഷം രൂപയ്ക്ക് വാങ്ങി. താനും വീട്ടുകാരുമാണ് ഈ മരുന്ന് കഴിച്ചത്. എന്നാൽ മെയ്‌ 18ന് അസ്വസ്ഥത തുടങ്ങി. തുടർന്ന് ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ മരുന്ന് തുടർന്ന് കഴിച്ചാൽ രോഗം പൂർണ്ണമായും ഭേദമാകുമെന്ന് അറിയിച്ചു. ഇത് വിശ്വസിച്ച് വീണ്ടും മരുന്നു കഴിച്ചു. ഇതോടെ ആരോഗ്യാവസ്ഥ ഗുരുതരമായി. ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയും തേടി-പൊലീസിന് നൽകിയ പരാതിയിൽ വിനോദ് വിശദീകരിക്കുന്നു.

ശരീരത്തിൽകടന്നു കയറിയ വൈറസുകളെ നശിപ്പിച്ച് ഓജസും ഉന്മേഷവും പകരുന്ന പുതിയ ആയുർവേദ ഭക്ഷ്യ ചേരുവ എന്നതരത്തിലാണ് പരബ്രഹ്‌മ ഇമ്യൂണിറ്റി ബൂസ്റ്റർ ആയുർവേദ ആശുപത്രി പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം രംഗത്ത് വരികയും ചെയ്തു. ംഒരു അസുഖവും പൂർണ്ണമായി ഭേദമാക്കാൻ ആർക്കും കഴിയില്ലെന്നതാണ് വസ്തുത. ഇതിനിടെയാണ് വ്യാജ പരസ്യങ്ങളുമായി തട്ടിപ്പ്. ഈ സാഹചര്യത്തിലാണ് സ്വന്തം അനുഭവത്തിൽ നിന്ന് വസ്തുത തിരിച്ചറിഞ്ഞ് വിനോദ് നിയമ നടപടികൾക്ക് എത്തുന്നത്.

അമ്പലപ്പുഴ പരഹ്ബ്രഹ്‌മ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനെതിരെ ഐപിസിയിലെ 275, 276, 406, 425 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മതിയായ അനുമതികൾ ഈ മരുന്നിന് ഇല്ലെന്ന ആരോപണവും പൊലീസിന് നൽകിയ പരാതിയിൽ വിനോദ് ആരോപിക്കുന്നുണ്ട്. കോവിഡിന് സമാനമായ മഹാമാരികളെ ചെറുക്കാൻ എട്ടുനൂറ്റാണ്ടു മുമ്പു മുതൽ ഉപയോഗിച്ചിരുന്ന ആയുർവേദചേരുവകൾ ഉപയോഗിച്ചാണ് പരബ്രഹ്‌മ ഇമ്മ്യൂണിറ്റി ബൂസ്റ്റർ തയാറാക്കിയിരിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മാനേജിങ് ഡയറക്ടർ എം.ഷൈൻ അവകാശപ്പെട്ടിരുന്നത്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ വൈറസിന്റെ ആക്രമണം ഫലപ്രദമായി ചെറുക്കാൻ ഈ ഭക്ഷ്യ ചേരുവയ്ക്ക് കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ടെന്നും പ്രതിരോധമാണ് ചികിത്സയെക്കാൾ ഉത്തമമെന്ന സിദ്ധാന്തത്തിനാണ് തങ്ങൾ ഊന്നൽ നൽകുന്നതെന്നും അവർ അവകാശപ്പെട്ടിരുന്നു. കൃത്യമായി ഈ ഔഷധം ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ നിന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വൈറസുകൾ നശിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് വിനോദിന്റെ പരാതിയിൽ പറയുന്നത്.

ചുക്ക്, കുങ്കുമപ്പൂവ്, കറുകപ്പട്ട, ചിറ്റമൃത്, കുരുമുളക്, ദേവതാരു, മല്ലി,ജീരകം, മഞ്ഞൾ , അത്യപൂർവ ഇനം ആയുർവേദ മരുന്നുകൾ തുടങ്ങിയവയുടെ ചേരുവ ഉപയോഗിച്ചാണ് ഈ ഭക്ഷ്യ ചേരുവ തയാറാക്കിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായ രോഗികളിലും ഈ ഭക്ഷ്യ ചേരുവ് പരീക്ഷണം നടന്നു. ദിവസവും മൂന്നു ഡോസാണ് നൽകിയത്. ഇവർ മൂന്നു ദിവസത്തിനുള്ളിൽ നെഗറ്റീവ് ആയി.-ഇങ്ങനെയായിരുന്നു പരബ്രഹ്‌മയുടെ വിശദീകരണങ്ങൾ. ഇതെല്ലാം കളവാണെന്നാണ് പുറത്തു വരുന്ന പരാതികൾ വ്യക്തമാക്കുന്നത്.

ലോകത്തിന്നുവരെ ഒരു ഫുഡ് സപ്ലിമെന്റും രോഗം ഭേദപ്പെടുത്തിയതിന് തെളിവില്ലെന്നതാണ് വസ്തുതു. ഫുഡ് സപ്ലിമെന്റ്‌റ് രോഗമുക്തിയുണ്ടാക്കും എന്ന് പറയുന്നതും അവകാശപ്പെടുന്നതും ഫുഡ് ആൻഡ് സേഫ്റ്റി റെഗുലഷൻസ് ആക്ട് 2011 അനുസരിച്ചും ഡി.എം.ആർ ആക്റ്റ് 1954 അനുസരിച്ചും കുറ്റകരമാണ്.