കോതമംഗലം: യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്മുഹമ്മദ് പ്രതിയായ പോക്സോ കേസിൽ വഴിത്തിരിവ്. മകളുടെ ദുർഗതിക്ക് കാരണം തന്റെ സഹോദരനും ഭാര്യയുമാണെന്ന് സംശയിക്കുന്നതായി കേസിലെ ഇരയുടെ അമ്മ മറുനാടനോട് വ്യക്തമാക്കി. അഞ്ച് മാസത്തോളമായി മകളുടെ താമസം അവർക്കൊപ്പമായിരുന്നു. കേസിൽ ഇതുവരെ പുറത്തുവന്നിട്ടുള്ളത് ഇവർ മകളെ കൊണ്ട് പറയിച്ച വിവരങ്ങൾ ആയിരിക്കാമെന്നും ഇരയുടെ അമ്മ പറഞ്ഞു.

നേരത്തെ സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടായിട്ടുണ്ട്. അന്നുമുതൽ അവർ ശത്രുതയിലാണ്. 5 മാസം മുമ്പുവരെ മകളുമായും യാതൊരുബന്ധവും ഇവർക്കുണ്ടായിരുന്നില്ല. ഇപ്പോൾ ഇത്ര പെട്ടെന്ന് അവർ എന്റെ മകളെ എങ്ങിനെ പാട്ടിലാക്കി എന്നറിയില്ല. ഈ വിവരമറിഞ്ഞപ്പോൾ സഹിക്കാനായില്ല. വിവരങ്ങൾ മകളോട് ചോദിച്ചറിയാനുള്ള അവസരം പോലും ലഭിച്ചില്ല, അമ്മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കായി മകളെ കൊണ്ടുപോകുന്നത് സഹോദരന്റെ ഭാര്യയാണ്. അമ്മയായി ഞാനുണ്ടെങ്കിലും ഒന്നിനും എന്നെ അടുപ്പിക്കുന്നില്ല. ഇതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. കീരംപാറ ലോക്കൽ സെക്രട്ടറിയായ പിതാവ് എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നാണ് സഹോദരന്റെ ഭാര്യ പറഞ്ഞുനടക്കുന്നത്.

മകൾക്ക് എന്താണ് സംഭിച്ചതെന്ന കാര്യത്തിൽ ഇനിയും കൃത്യമായ വിവരം അറിയാൻ കഴിഞ്ഞിട്ടില്ല. കേസിലെ ഒന്നാംപ്രതി റിയാസുമായുള്ള ബന്ധം സഹോദരനും കുടുംബാംഗങ്ങളും അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ല. പലകാര്യങ്ങളും എന്നിൽ നിന്നും ഒളിപ്പിക്കുന്നതായി സംശയമുണ്ട്്. അവളെ കണ്ട് വിവരങ്ങൾ ചോദിച്ചറിയാനെങ്കിലും എനിക്ക് ബന്ധപ്പെട്ട അധികൃതർ അവസരമൊരുക്കണം, അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ആദ്യം പോത്താനിക്കാട് പൊലീസ് ചാർജ്ജുചെയ്ത പോക്സോ കേസ്സിലെ ഇരയുടെ മാതാവാണ് മകളെ കാണാനും വിവരങ്ങൾ ചോദിച്ചറിയാനും ബന്ധപ്പെട്ട അധികൃതർ അവസരമൊരുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഷാൻ മുഹമ്മദിന്റെ അടുപ്പക്കാരനായിരുന്ന റിയാസ് ആണ് ആവശ്യമായ സഹായം ചെയ്തുകൊടുത്തത് എന്നാരോപിച്ചാണ് പൊലീസ ്ഷാൻ മുഹമ്മദിന് എതിരെ കേസെടുത്തിട്ടുള്ളത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതി പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഗർഭിണിയായ തനിക്ക് റിയാസ് അബോർഷനുള്ള ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചതായും പെൺകുട്ടി ആരോപിച്ചിരുന്നു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

ഷാൻ മുഹമ്മദ് കാറിൽ നിർബന്ധിച്ച് കയറ്റിയെന്നും മൂവാറ്റുപുഴയിലെ ലാബിലെത്തിച്ച് ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയെന്നുമാണ് പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് പറയുന്നു. റിയാസ് ഷാൻ മുഹമ്മദിന്റെ സന്തതസഹചാരിയും കോൺഗ്രസ്സ് ജനപ്രതിനിധികളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളുമാണെന്നുമാണ് പൊലീസ് ഭാഷ്യം.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ കൂട്ടുകാരന് ഒത്താശ ചെയ്തു കൊടുത്തു, ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, സംഭവം നാട്ടുകാർ അറിഞ്ഞപ്പോൾ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചു പ്രശ്‌നം ഒത്തുതീർക്കാൻ ശ്രമിക്കുക എന്നിവയ്ക്കെല്ലാം റിയാസിന് കൂട്ട് നിന്നത് ഷാൻ മുഹമ്മദ് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് സഹായം ചെയ്തതിനും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനുമാണ് ഇയാളെ രണ്ടാം പ്രതിയായി ചേർത്തത്.