പാലക്കാട്: മലമ്പുഴ വനത്തിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. മലമ്പുഴയിൽനിന്നും പോയ ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. നാർകോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തിലധികം ഉദ്യോഗസ്ഥരാണ് കനത്ത മഴ കാരണം വെള്ളിയാഴ്ച വൈകിട്ടോടെ ഉൾവനത്തിൽ കുടുങ്ങിയത്.

കഞ്ചാവ് തോട്ടം തിരയാൻ പോയ തണ്ടർ ബോൾട്ട് സംഘമാണ് വഴിതെറ്റി ഉൾവനത്തിൽ കുടുങ്ങിയത്. ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടത്.

വനപാലകർ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. വനപാലകരെ കണ്ടില്ലെങ്കിൽ ഇന്നും വനത്തിൽ തുടരേണ്ടി വന്നേനെ. ഉൾവനത്തിൽ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിശോധനയിൽ വിവരം തെറ്റായിരുന്നെന്ന് തെളിഞ്ഞെന്നും പൊലീസ് സംഘം പറഞ്ഞു.

ഇതിനിടെ, പൊലീസുകാരെ തേടിയിറങ്ങിയ വനപാലകർ മൂന്നിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ വനത്തിലേക്ക് തിരിച്ച സംഘത്തിന് ഉച്ചവരെ പൊലീസുകാരെ കണ്ടെത്താനായിരുന്നില്ല.